ലണ്ടൻ∙ അബോധാവസ്ഥയിൽ കണ്ടെത്തിയ ബ്രിട്ടിഷ് ദമ്പതികൾക്കു നേരെ പ്രയോഗിച്ചതു മാർച്ചിൽ റഷ്യൻ ചാരൻ സെർജി സ്ക്രീപലിനും മകൾ യൂലിയയ്ക്കുമെതിരെ ഉപയോഗിച്ച നൊവിചോക് എന്ന രാസായുധം തന്നെയെന്നു സ്കോട്‌ലൻഡ് യാർഡ് സ്ഥിരീകരിച്ചു. ഡോൺ സ്റ്റെർജസ് (44), ചാർലി റൗളി (45) എന്നിവരെയാണു കഴിഞ്ഞ ശനിയാഴ്ച അമെസ്ബ്രിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സ്ക്രീപലും മകളും ആക്രമണത്തിനിരയായ സോൾസ്ബ്രിയിൽ നിന്നു 16 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.
ഇരു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി സാജിദ് ജാവിദ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. കമ്യൂണിസ്റ്റ് ഭരണകാലത്തു സോവിയറ്റ് യൂണിയൻ വികസിപ്പിച്ച രാസായുധമാണു നൊവിചോക്. ഇതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കണമെന്നു ബ്രിട്ടൻ റഷ്യയോട് ആവശ്യപ്പെട്ടു. എന്നാൽ സ്ക്രീപലിനും മകൾക്കും നേരെ ആക്രമണമുണ്ടായപ്പോൾ തന്നെ സഹകരണം വാഗ്ദാനം ചെയ്തിരുന്നുവെന്നും ബ്രിട്ടൻ നിരസിക്കുകയായിരുന്നുവെന്നും റഷ്യ പ്രതികരിച്ചു.