ലോകസമ്പന്നരിൽ ബഫറ്റിനെ പിന്തള്ളി സക്കർബർഗ് മൂന്നാമത്

ന്യൂയോർക്ക്∙ ഓഹരി നിക്ഷേപകൻ വാറൻ ബഫറ്റിനെ പിന്തള്ളി ലോകത്തെ ഏറ്റവും സമ്പന്നരുടെ ബ്ലൂംബർഗ് പട്ടികയിൽ ഫെയ്സ്ബുക് സിഇഒ മാർക് സക്കർബർഗ് മൂന്നാം സ്ഥാനത്തെത്തി. ഫെയ്സ്ബുക്കിന്റെ ഓഹരി വില 2.4% കൂടിയതാണു സക്കർബർഗിന് നേട്ടമായത്.

വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്തുവെന്ന വിവാദത്തിൽ പെട്ടിട്ടും ഫെയ്സ്ബുക്കിനെ നിക്ഷേപകർ കയ്യൊഴിഞ്ഞില്ല. 5.6 ലക്ഷം കോടി രൂപയാണു സക്കർബർഗിന്റെ പുതിയ ആസ്തി. 87 വയസ്സുള്ള ബഫറ്റിനെക്കാൾ മുപ്പത്തിനാലുകാരനായ സക്കർബർഗിനുള്ളത് 2500 കോടി രൂപ കൂടുതൽ.

ഓൺലൈൻ വ്യാപാരകമ്പനിയായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസ് ആണ് ഒന്നാം സ്ഥാനത്ത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സാണു രണ്ടാംസ്ഥാനത്ത്. സാങ്കേതികവിദ്യയിലൂടെ സമ്പന്നരായവർ ലോകത്ത് ആദ്യ മൂന്നു സ്ഥാനങ്ങളും കയ്യടക്കുന്നത് ആദ്യമാണ്.

ലോകത്തെ ഏറ്റവും സമ്പന്നനായിരുന്ന ബഫറ്റ് പിന്തള്ളപ്പെട്ടു പോയത്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മൂന്നര ലക്ഷം കോടി രൂപ വിലവരുന്ന ഓഹരികൾ മാറ്റിവച്ചതോടെയാണ്. ഫെയ്സ്ബുക് ഷെയറുകളുടെ 99% തന്റെ ജീവിതകാലത്തു ജീവകാരുണ്യത്തിനായി വിട്ടുനൽകുമെന്നു സക്കർബർഗും വാഗ്ദാനം ചെയ്തിട്ടുണ്ട്.