Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപയോക്താക്കളുടെ ‘മുഖലക്ഷണം’ പകർത്തി ഫെയ്സ്ബുക്; നിയമക്കുരുക്കിൽ സക്കർബർഗ്

Facebook-Mark-Zuckerberg മാർക് സക്കർബർഗ് (ഫയൽ ചിത്രം)

സാൻ ഫ്രാന്‍സിസ്കോ∙ ഡേറ്റ വിവാദത്തിനു പിന്നാലെ സ്വകാര്യതാനയം സംബന്ധിച്ച പുതിയ കുരുക്കിൽ ഫെയ്സ്ബുക്. ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ മുഖത്തിന്റെ ‘ഫീച്ചറുകൾ’ ഉൾപ്പെടെ പകർത്തുന്ന ‘ടൂൾ’ ഉപയോഗിച്ചതിനാണു കമ്പനി നടപടി നേരിടേണ്ടി വരിക. കലിഫോർണിയയിലെ ഫെഡറൽ കോടതി ജഡ്ജിയാണ് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചുവെന്ന പരാതിയിൽ ഫെയ്സ്ബുക്കിനെതിരെ നിയമനടപടിക്കു നിർദേശിച്ചത്. ‘ഫേഷ്യൽ റെക്കഗ്നിഷൻ ടൂൾ’ ഉപയോഗിച്ച് ഉപയോക്താക്കളുടെ മുഖത്തിന്റെ വിവരങ്ങൾ ശേഖരിച്ചതിനാണു നടപടി.

ഫെയ്സ്ബുക്കില്‍നിന്ന് 8.7 കോടി പേരുടെ വിവരങ്ങൾ ചോർത്തി സ്വകാര്യ കമ്പനി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തിയെന്ന വിവാദം നിലനിൽക്കുമ്പോഴാണു കമ്പനി സ്ഥാപകൻ മാർക് സക്കർബർഗിന് അടുത്ത തിരിച്ചടിയേറ്റിരിക്കുന്നത്. നടപടി ആവശ്യപ്പെട്ട് ഇന്ത്യക്കാരനായ നിമേഷ് പട്ടേൽ ഉൾപ്പെടെ ഒരു കൂട്ടം ഉപയോക്താക്കളാണു കോടതിയെ സമീപിച്ചത്.

2010ലാണു വിവാദ വിഷയമായ ഫേഷ്യൽ റെക്കഗ്നിഷൻ ടൂൾ ഫെയ്സ്ബുക്കിൽ ആരംഭിക്കുന്നത്. ഉപയോക്താവ് അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ ആരുടേതാണെങ്കിലും അയാളുടെ പേരും ചിത്രത്തിനു സമീപം കാണിക്കാൻ സഹായിക്കുന്നതായിരുന്നു ടൂൾ. എന്നാൽ ‘ബയോമെട്രിക്’ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ ഇല്ലിനോയിൽ നിലവിലുള്ള പ്രാദേശിക നിയമത്തെ ലംഘിക്കുന്നതാണ് ഇതെന്നാണു ഹർജിക്കാരുടെ വാദം. നിമേഷ് പട്ടേൽ, ആദം പെസെൻ, കാർലോ ലിക്കാറ്റ എന്നിവർ നൽകിയ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ഫെഡറൽ കോടതി ജഡ്ജി ജയിംസ് ഡൊണാറ്റോ നിരീക്ഷിച്ചു. തുടർന്നാണു നിയമ നടപടിയിലേക്കു നീങ്ങിയത്.

Read: ഫെയ്സ്ബുക്കിൽ സകല രഹസ്യവും പരസ്യം
2011 ജൂൺ ഏഴു മുതലാണ് ഇല്ലിനോയിൽ ഫെയ്സ്ബുക്കിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ ടൂൾ നടപ്പിലാക്കിയത്. പ്രദേശവാസികളായ ഒരു കൂട്ടം ഉപയോക്താക്കളുടെ പരാതിയായാണു കേസ് കോടതി പരിഗണിക്കുന്നത്. അതേസമയം വിഷയം ശ്രദ്ധയിൽപ്പെട്ടെന്നും ഫലപ്രദമായി നേരിടാനാകുമെന്നാണു പ്രതീക്ഷയെന്നും ഫെയ്സ്ബുക് പ്രതികരിച്ചു. ടൂളിന്റെ ഉപയോഗം പരിമിതപ്പെടുത്താനുള്ള അവകാശം ഉപയോക്താക്കൾക്കു നൽകിയിട്ടുണ്ട്. ഫോട്ടോയില്‍ വ്യക്തികളെ ‘ടാഗ്’ ചെയ്യുമ്പോൾ ഈ ടൂൾ ‘ഓഫ്’ ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നെന്നും ഫെയ്സ്ബുക് വ്യക്തമാക്കി. സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ 2012ൽ യുറോപ്പിൽനിന്ന് ഈ ടൂൾ പിന്‍വലിച്ചിരുന്നു.

ഫെയ്സ്ബുക്കിനും അപ്പുറത്തേക്ക്...

അതിനിടെ ഫെയ്സ്ബുക്കിൽ ‘ഷെയർ’ ചെയ്യപ്പെടുന്ന വിവരങ്ങളല്ലാതെ മറ്റിടങ്ങളിൽനിന്നുള്ള ഉപയോക്താക്കളുടെ വിവരങ്ങളും കമ്പനിക്കു ലഭിക്കുന്നുണ്ടെന്ന വിവരവും പുറത്തെത്തി. നേരത്തേ യുഎസ് കോൺഗ്രസിനു മുന്നിൽ ഹാജരായ സക്കർബർഗ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതിനു പിറകെയാണു വിശദീകരണവുമായി കമ്പനി പ്രോഡക്ട് മാനേജ്മെന്റ് ഡയറക്ടർ ഡേവിഡ് ബാസെർ രംഗത്തെത്തിയത്.

‘ഫെയ്സ്ബുക്കിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന ഏതെങ്കിലും വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ കയറിയാൽ ഉപയോക്താവിന്റെ തിരച്ചിൽ വിവരങ്ങൾ കമ്പനിക്കു ലഭിക്കും. ഫെയ്സ്ബുക്കിൽനിന്നു ലോഗ് ഔട്ട് ചെയ്തിട്ടാണു സൈറ്റിൽ കയറിയതെങ്കിലും ഫെയ്സ്ബുക് അക്കൗണ്ടില്ലെങ്കിൽ പോലും ഇത്തരത്തിൽ ഉപയോക്താവിന്റെ വിവരം ലഭ്യമാകും’– ഡേവിഡ് വ്യക്തമാക്കി.

Read: തന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോർത്തി: സക്കർബർഗ്

പരസ്യങ്ങളിലേക്കും കണ്ടന്റിലേക്കും ഉപഭോക്താക്കളെ ആകർഷിക്കാനായി ഒട്ടേറെ വെബ്സൈറ്റുകളും ആപ്പുകളും ഫെയ്സ്ബുക്കിന്റെ ലൈക്ക്, ഷെയർ ബട്ടണുകൾ പോലുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. മറ്റു വെബ്സൈറ്റുകളിലേക്കും ആപ്പുകളിലേക്കും കയറാൻ ഫെയ്സ്ബുക് ലോഗിൻ ഉപയോഗിക്കുമ്പോഴും ഫെയ്സ്ബുക് പരസ്യങ്ങൾ വഴിയും കമ്പനിയുടെ മെഷർമെന്റ് ടൂളുകൾ വഴിയുമെല്ലാം ഇത്തരത്തിൽ വിവരശേഖരണം നടക്കുന്നുണ്ട്. ഇതു പക്ഷേ, സാർവത്രികമായി ഉപയോഗിക്കുന്നതാണ്. ഗൂഗിളും ട്വിറ്ററും ഉൾപ്പെടെ ഇത്തരത്തിൽ വിവരശേഖരണം നടത്തുന്നുണ്ടെന്നും ഡേവിഡ് പറഞ്ഞു.

മിക്ക വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ഇത്തരത്തിൽ ലഭിക്കുന്ന ഒരേതരം വിവരങ്ങൾ പല കമ്പനികൾക്ക് അയച്ചുകൊടുക്കാറുണ്ട്. ഫെയ്സ്ബുക്കിനു ലഭിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തുന്നതു മൂന്നു തരത്തിലാണ്:

1) ഇത്തരം വെബ്സൈറ്റുകൾക്കും ആപ്പുകൾക്കും തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നു.

2) ഫെയ്സ്ബുക്കിൽ സുരക്ഷ ശക്തമാക്കുന്നു.

3) ഫെയ്സ്ബുക്കിന്റെ തന്നെ ഉൽപന്നങ്ങളും സേവനങ്ങളും കൂടുതൽ മെച്ചപ്പെടുത്തുന്നു. ഇത്തരത്തിൽ ലഭിക്കുന്ന ഉപയോക്താക്കളുടെ ഡേറ്റ ഫെയ്സ്ബുക് ആർക്കും വിൽക്കുന്നില്ലെന്നും ഡേവിഡ് വ്യക്തമാക്കി.