Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഹൃത്തുക്കൾ ‘കാലുവാരും’; ഫെയ്സ്ബുക്കിൽ സകല രഹസ്യവും പരസ്യമാണെന്ന് പഠനം

facebook-photos ഫെയ്സ്ബുക്. (പ്രതീകാത്മക ചിത്രം)

ബോസ്റ്റൺ∙ ഡേറ്റാ വിവാദത്തിനു പിന്നാലെ ഫെയ്സ്ബുക്കിലെ സ്വകാര്യതയെക്കുറിച്ചു വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഫെയ്സ്ബുക്കിൽ സ്വകാര്യമായി (പ്രൈവറ്റ്) സൂക്ഷിക്കുന്ന വിവരങ്ങൾ പോലും ചോർത്തപ്പെടുന്നുണ്ടെന്നു സ്റ്റാൻ‌ഫഡ് സർവകലാശാലയിലെ ഗവേഷകരാണു കണ്ടെത്തിയത്. ‘നാച്ചുറൽ ഹ്യുമൻ ബിഹേവിയർ ജേണലി’ലാണ് ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഫെയ്സ്ബുക്കിലെ സുഹൃത്തുക്കളിലൂടെയാണു സ്വകാര്യവിവരങ്ങൾ ‘ചോർത്തുന്നത്’. സമൂഹമാധ്യമത്തിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെങ്കിൽ വിവരങ്ങൾ ‘രഹസ്യ’മായി സൂക്ഷിക്കൽ വളരെ പ്രയാസമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മോഷ്ടിക്കപ്പെടില്ലെന്നു കരുതുന്ന വിവരങ്ങൾ പോലും ചോരുന്നുണ്ട്.

Read More: പരസ്യം വേണ്ടെങ്കിൽ ഫെയ്സ്ബുക്ക് പണം വാങ്ങും, വേറെ വഴിയില്ലെന്ന് ഷെറില്‍..

ഉപയോക്താക്കളുടെ ‘സമ്മതത്തോടെ’ മൂന്നാം കക്ഷികൾക്കു’ (തേഡ് പാർട്ടീസ്) വിവരശേഖരണം നടത്താൻ സമൂഹമാധ്യമങ്ങൾ അനുമതി നൽകാറുണ്ട്. ഈ ഡേറ്റയാണു പരസ്യങ്ങൾക്കും മറ്റുമായി ഉപയോഗിക്കുന്നത്. ഇങ്ങനെ ലഭ്യമായ വിവരങ്ങളും ഇതുപയോഗിച്ചു നൽകപ്പെടുന്ന പരസ്യങ്ങളുമാണു ഗവേഷകർ വിലയിരുത്തിയത്. രഹസ്യമായി ഉപയോക്താക്കൾ സൂക്ഷിക്കുന്ന വിവരങ്ങളും ചോരുന്നുണ്ട് എന്നാണ് ഇതിൽ നിന്നു വ്യക്തമായത്.

Read More: ചാറ്റ് രഹസ്യമെന്ന് പറഞ്ഞ് വഞ്ചിച്ചു, എല്ലാം അവർ കണ്ടിരുന്നു, സ്വകാര്യതയെ മാനിച്ചില്ല..

‘സമൂഹമാധ്യമത്തിലെ ഡേറ്റയിൽനിന്ന് ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ‘ഒരാളുടെ സുഹൃത്തുക്കളും പ്രവചനാത്മകതയും’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ഇതുവരെ ശ്രദ്ധിക്കാതിരുന്ന പലതും പഠനത്തിൽ വെളിപ്പെട്ടു’– സ്റ്റാൻഫഡ് സർവകലാശാല അസിസ്റ്റന്റ് പ്രഫസർ ജോഹൻ യുഗാണ്ടർ പറഞ്ഞു.

സമാന പ്രായം, വംശം, രാഷ്ട്രീയം തുടങ്ങിയവ പരിഗണിച്ചാണു പലരും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത്. തന്റെ ലിംഗം, ജാതി, മതം, വംശം, പ്രായം, രാഷ്ട്രീയം തുടങ്ങിയ വിവരങ്ങളും പ്രത്യേകതകളും മറച്ചുവയ്ക്കുന്ന ഉപയോക്താക്കൾ കൂടുതലാണ്. ഇങ്ങനെ മറച്ചുവച്ചാലും അവരുടെ സമൂഹമാധ്യമ സുഹൃത്തുക്കളെ പഠിച്ചാൽ വ്യക്തിഗതമായ പ്രത്യേകതകൾ മനസ്സിലാക്കാനാകുമെന്നാണു കണ്ടെത്തൽ.

‘സമാനതകളോടുള്ള ഇഷ്ടം’ എന്നാണ് ഇത്തരം കൂട്ടുകെട്ട് ഉണ്ടാക്കുന്നതിനെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. നിർമിത ബുദ്ധിയുടെ (ആർടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെ ഈ വിവരങ്ങൾ വിശകലനം ചെയ്തെടുക്കാനുള്ള ഉപകരണങ്ങൾ ലഭ്യമാണെന്നും ഗവേഷകർ പറയുന്നു.