Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലവേദനയായി നിയമക്കുരുക്കുകൾ; തലവൻമാരെ കിട്ടാതെ ഫെയ്സ്ബുക്കും വാട്സാപും

Social-Media

തിരുവനന്തപുരം ∙ ഫെയ്സ്ബുക്കിന്റെയും വാട്സാപ്പിന്റെയും ഇന്ത്യൻ മേധാവികൾ– ഭീമമായ ശമ്പളവും ഗ്ലാമറുമുള്ള വമ്പൻ പദവികൾ! പ്രമുഖ കമ്പനികളിലെ ടോപ് എക്സിക്യൂട്ടീവുകൾ ക്യൂ നിൽക്കാൻ ഇടയുള്ള പദവികളിലേക്ക് ആളെ കണ്ടെത്താനാകാതെ ഫെയ്സ്ബുക് കുഴങ്ങിയത് ഒരു വർഷം, കേട്ടാൽ വിചിത്രമെന്നു തോന്നുമെങ്കിലും സംഗതി സത്യമാണ്. മോഹിപ്പിക്കുന്ന പദവികൾക്കു മുകളിൽ തൂങ്ങിയാടുന്ന വാളുണ്ടെന്നു വ്യക്തമായതോടെയാണു പലരും പിന്തിരിഞ്ഞത്. നാട്ടിൽ അക്രമമുണ്ടാക്കാൻ കാരണമാകുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്ന സമൂഹമാധ്യമങ്ങളുടെ ഇന്ത്യയിലെ തലലവന്മാർക്കെതിരെ ക്രിമിനൽ കേസെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അധ്യക്ഷനായ സമിതി സർക്കാരിനു നൽകിയ റിപ്പോർട്ട് തന്നെയായിരുന്നു ഇവരുടെ പേടിസ്വപ്നം.

സ്വന്തം സ്ഥാപനം യുഎസിലിരുന്ന് എടുക്കുന്ന നയത്തിന്റെ പേരിൽ സ്വന്തം രാജ്യത്ത് അറസ്റ്റിലാകേണ്ട ഗതികേട് ഇവർ മുന്നിൽ കണ്ടിരിക്കണം. ഫെയ്സ്ബുക് വൈസ് പ്രസിഡന്റ് ഡേവിഡ് ഫിഷർ മേയിൽ അഭിമുഖം നടത്തിയെങ്കിലും കൊച്ചി സ്വദേശിയും പ്രമുഖ വിഡിയോ സ്ട്രീമിങ് സേവനമായ ഹോട്ട്സ്റ്റാർ സിഇഒയുമായ അജിത് മോഹനെ ഫെയ്സ്ബുക് മേധാവിയായി നിയമിക്കാൻ തീരുമാനിച്ചത് 5 മാസങ്ങൾക്കു ശേഷം. നാളുകൾക്കുശേഷം വാട്സാപ് ഇന്ത്യ മേധാവിയായി അഭിജിത് ബോസ് നിയമിതനാകുമ്പോൾ ആശ്വസിക്കാനൊന്നുമില്ല, മുന്നിലുള്ളത് പരിഹരിക്കാൻ കഴിയാത്ത വെല്ലുവിളികൾ മാത്രം.

വ്യാജ സന്ദേശം

'വാട്സാപ്പിൽ കറങ്ങിനടക്കുന്ന സന്ദേശത്തിന്റെ ഉദ്ഭവം കണ്ടെത്താൻ റോക്കറ്റ് സയൻസ് ഒന്നും ആവശ്യമില്ല'– ഓഗസ്റ്റിൽ വാട്സാപ് സിഇഒ ക്രിസ് ഡാനിയേൽസുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആഞ്ഞടിച്ചു. അപകടമുണ്ടാക്കുന്ന സന്ദേശങ്ങളുടെ ഉറവിടം വാട്സാപ് വ്യക്തമാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ മെസേജുകൾ രഹസ്യ സ്വഭാവത്തിൽ സൂക്ഷിക്കുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നയത്തിന്റെ ലംഘനമാണെന്ന നിലപാടിൽ നിന്ന് വാട്സാപ് പിന്നോട്ടു പോയില്ല. സർക്കാരിന്റെ കടുത്ത സമ്മർദത്തെ തുടർന്നാണ് സെപ്റ്റംബറിൽ കോമൾ ലാഹിരിയെ പരാതി പരിഹാര ഉദ്യോഗസ്ഥയായി വാട്സാപ് നിയമിച്ചത്. സന്ദേശങ്ങളുടെ ഉറവിടമെന്ന ആവശ്യം വീണ്ടും സർക്കാർ ഉന്നയിച്ചാൽ പുതിയ ഇന്ത്യൻ മേധാവി പ്രതിരോധത്തിലാകുമെന്നുറപ്പ്.

തിരഞ്ഞെടുപ്പെത്തുന്നു

അടുത്ത വർഷത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി വ്യാജ സന്ദേശങ്ങൾ തടയാൻ 14 ദിവസം ഇടവിട്ട് സമൂഹമാധ്യമങ്ങളുടെ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്താനൊരുങ്ങുകയാണ്. ഇതേത്തുടർന്ന് ട്വിറ്ററും ഇന്ത്യൻ മേധാവിയെത്തേടുന്നു. പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാൻ ഗൂഗിൾ 30 വരെ സാവകാശവും ആവശ്യപ്പെട്ടിട്ടുണ്ട്.

പച്ചപിടിക്കുമോ പണമിടപാട്

വാട്സാപ് വഴിയുള്ള പണമിടപാടുകൾ ആരംഭിച്ചെങ്കിലും സ്വന്തമായി ഇന്ത്യൻ ഓഫിസ് ആരംഭിച്ചശേഷം തുടർന്നാൽ മതിയെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. വിദൂരത്തിരുന്ന് ഇന്ത്യയിലെ പണമിടപാടുകൾ നിയന്ത്രിക്കുന്നതു ശരിയോ എന്നു പരിശോധിക്കാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പണമിടപാടു വിവരങ്ങൾ ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണമെന്ന് സർക്കാർ കർശന നിലപാടെടുത്താൽ വാട്സാപ് വീണ്ടും കുരുങ്ങും.