ലോകം കൈകോർത്തു; രാവണൻ കോട്ട കടക്കാൻ

താം ലുവാങ് ഗുഹയിൽ നിന്നു പുറത്തെത്തിക്കുന്നതിനു മുന്നോടിയായി രക്ഷാദൗത്യ സംഘത്തിലെ ഓസ്ട്രേലിയക്കാരനായ ഡോക്ടർ ശനിയാഴ്ച രാത്രി കുട്ടികളുടെ ശാരീരികക്ഷമത പരിശോധിക്കുന്നു.

ബാങ്കോക്ക്∙ തായ്‍ലൻഡിലെ താം ലുവാങ് ഗുഹയിലേക്ക് കഴിഞ്ഞ രണ്ടാഴ്ചകളിലായി എത്തിയത് ലോകത്തെ ഏറ്റവും പ്രഗത്ഭരായ നീന്തൽക്കാരും ഗുഹാവിദഗ്ധരുമാണ്. യുഎസ്, ബ്രിട്ടൻ, ചൈന, സ്വീഡൻ, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽനിന്നുള്ളവർ. പത്താംനാൾ കുട്ടികളെ ജീവനോടെ കണ്ടെത്തിയത് ബ്രിട്ടനിൽനിന്നുള്ള രണ്ടു വിദഗ്ധരാണ്. ലോകമെങ്ങും നിന്നുള്ള ആയിരത്തോളം മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി. 

ജൂൺ 23 മുതൽ ഇന്നലെവരെ അവിടെ സംഭവിച്ചത്:

∙ ഫുട്ബോൾ പരിശീലനത്തിനു ശേഷം 12 കുട്ടികളും കോച്ചും താം ലുവാങ് ഗുഹയ്ക്കുള്ളിൽ കയറുന്നു. ഗുഹാഭിത്തിയിൽ തങ്ങളുടെ പേരെഴുതി വയ്ക്കാനാണ് ഇവർ കയറിയതെന്നും അതല്ല, ടീമംഗങ്ങളിലൊരാളുടെ പിറന്നാളാഘോഷിക്കാനാണെന്നും അഭ്യൂഹങ്ങളുണ്ട്. 

∙ കുട്ടികൾ ഉള്ളിലേക്കു കയറിയതിനു പിന്നാലെ മഴ പെയ്യുന്നു. ഗുഹയിലേക്ക് വെള്ളം ഇരച്ചു കയറുന്നു. കുട്ടികൾ കൂടുതൽ അകത്തേക്കു പോകുന്നു. 

∙ പിറ്റേന്നു ഗുഹാമുഖത്തിനു സമീപം കുട്ടികളുടെ സൈക്കിളുകൾ കണ്ട വനപാലകൻ അധികൃതരെ വിവരമറിയിക്കുന്നു. ഗുഹയ്ക്കുള്ളിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടാകാം എന്ന സംശയമുണ്ടാകുന്നു. 

∙ പൊലീസും മറ്റും സ്ഥലത്തെത്തുന്നു. ഗുഹയുടെ പ്രവേശനകവാടത്തിൽ കുട്ടികളുടെ ബാഗ്, ഷൂസ് മുതലായവ കിട്ടുന്നു. അകത്തുള്ളത് കുട്ടികളെന്നു വ്യക്തമാകുന്നു. 

∙ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ തായ് നാവിക സേന രംഗത്ത്. ഗുഹയ്ക്കുള്ളിലേക്ക് പോകാനുള്ള ശ്രമം തുടങ്ങുന്നു. 

∙ മൂന്നാം ദിനം മുതൽ ഗുഹയ്ക്കുള്ളിലേക്ക് തായ് നാവികസേനാംഗങ്ങൾ പുറപ്പെടുന്നു. വിവിധ ലോക രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ എത്തുന്നു. എന്നാൽ, വെള്ളക്കെട്ടും ഇടുങ്ങിയ പാതയും തടസ്സം. 

∙ ഗുഹയിലെ വെള്ളം പമ്പു ചെയ്തു കളയാനുള്ള ശ്രമം തുടങ്ങുന്നു. മലമുകളിൽനിന്ന് ഗുഹയ്ക്കുള്ളിലേക്ക് മറ്റു പ്രവേശനമാർഗമുണ്ടോ എന്നു പരിശോധന. 

∙ ജൂലൈ രണ്ടുവരെ രക്ഷാപ്രവർത്തകരുടെ അതിസാഹസിക ശ്രമം തുടരുന്നു. 

∙ ജൂലൈ രണ്ടിന് ബ്രിട്ടിഷ് ഗുഹാവിദഗ്ധരായ ജോൺ വോളന്തെനും റിച്ചാർഡ് സ്റ്റാന്റനും കുട്ടികളെ ഗുഹയുടെ നാലുകിലോമീറ്റർ ഉള്ളിൽ കണ്ടെത്തുന്നു. എല്ലാവരും ക്ഷീണിതരെങ്കിലും സുരക്ഷിതർ. ആശ്വാസമായി അവരുടെ ദൃശ്യങ്ങൾ പുറത്തുവരുന്നു. 

∙ മൂന്നാം തീയതി കൂടുതൽ രക്ഷാപ്രവർത്തകർ കുട്ടികളുടെ അടുത്തെത്തുന്നു. അവർക്ക് ചികിൽസയും ഭക്ഷണവും മരുന്നുകളും നൽകുന്നു. കുട്ടികൾ സംസാരിക്കുന്ന വിഡിയോ പുറത്ത്. 

∙ കുട്ടികളെ പുറത്തെത്തിക്കാനുള്ള വിവിധ മാർഗങ്ങൾ തേടി രക്ഷാപ്രവർത്തകർ. അവർക്കു ദ്രുത നീന്തൽ പരിശീലനം. ഗുഹയിലേക്ക് മറ്റു പ്രവേശനമാർഗങ്ങളുണ്ടോ എന്നു പരിശോധന. 

∙ ജൂലൈ ആറിന് ആദ്യത്തെ ദുരന്തവാർത്ത. രക്ഷാപ്രവർത്തനത്തിനിടെ തായ് നാവികസേനാ മുൻ ഉദ്യോഗസ്ഥനു ജീവൻ നഷ്ടമായി. ഗുഹയ്ക്കുള്ളിലൂടെ നീന്തുമ്പോൾ വായുകിട്ടാതെ മരണം. 

∙ രക്ഷാസാധ്യതകൾ തേടി വീണ്ടും രക്ഷാപ്രവർത്തകർ ഗുഹയ്ക്കുള്ളിൽ കുട്ടികൾക്കൊപ്പം. മഴ മാറി നിൽക്കുന്നത് പ്രതീക്ഷ നൽകുന്നു. ഗുഹയ്ക്കുള്ളിൽനിന്ന് ലക്ഷക്കണക്കിനു ലീറ്റർ വെള്ളം പമ്പു ചെയ്തു കളയുന്നു. 

∙ ഇന്നലെ രാവിലെ ആദ്യഘട്ട രക്ഷാദൗത്യം തുടങ്ങുന്നു. വൈകിട്ട് ആദ്യത്തെ കുട്ടിയെ പുറത്തെത്തിക്കുന്നു. പിന്നാലെ മറ്റു മൂന്നു പേരെയും.