തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചാവേർ സ്ഫോടനം; ബലൂചിസ്ഥാനിൽ മരണം 130

പെഷാവർ∙ പാക്കിസ്ഥാനിലെ സംഘർഷമേഖലയായ ബലൂചിസ്ഥാനിൽ തിരഞ്ഞെടുപ്പു റാലിക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർ 130 ആയി. ബലൂചിസ്ഥാൻ അവാമി പാർട്ടി (ബിഎപി) യുടെ തിരഞ്ഞെടുപ്പു റാലിക്കിടെ വെള്ളിയാഴ്ചയുണ്ടായ ഉഗ്രസ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ പാർട്ടി നേതാവും സ്ഥാനാർഥിയുമായ സിറാജ് റെയ്സാനിയും ഉൾപ്പെടുന്നു. ഇരുനൂറിലേറെപ്പേർക്കു പരുക്കേറ്റു. 

ഭീകരസംഘടനയായ ഐഎസ് ചാവേർസ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റു. അഫ്ഗാനിസ്ഥാനിൽനിന്നാണു ചാവേർ എത്തിയതെന്നു സംശയിക്കുന്നു. 25നു പൊതുതിരഞ്ഞെടുപ്പു നടക്കാനിരിക്കെ മൂന്നാമത്തെ ഭീകരാക്രമണമാണു ബലൂചിസ്ഥാനിലേത്.

അതിനിടെ, ഇന്നലെ പാക്കിസ്ഥാന്റെ ഖൈബർ പക്തൂൺഖ്വ മേഖലയിൽ ഒരു സ്വതന്ത്ര സ്ഥാനാർഥി എതിർകക്ഷിക്കാരുടെ വധശ്രമത്തിൽനിന്നു രക്ഷപ്പെട്ടു.