പരസ്പരം ചീത്ത വിളിച്ച് ഇറാനും യുഎസും

വാഷിങ്ടൻ∙ യുഎസും ഇറാനും തമ്മിലുള്ള സംഘർഷത്തിലേക്ക് എണ്ണയൊഴിച്ച് ഡോണൾഡ് ട്രംപും ഹസൻ റൂഹാനിയും. ഇറാനെതിരായ ഭീഷണികൾക്ക് അമേരിക്ക വലിയ വിലകൊടുക്കേണ്ടി വരുമെന്ന പ്രസിഡന്റ് റുഹാനിയുടെ മുന്നറിയിപ്പിന്, ‘തെറ്റായ എന്തെങ്കിലും നടപടി ഇറാന്റെ ഭാഗത്തുനിന്നുണ്ടായാൽ ചരിത്രത്തിൽ ഇതുവരെ വളരെക്കുറച്ചുപേർ മാത്രം അനുഭവിച്ച പ്രത്യാഘാതങ്ങൾ കാണേണ്ടി വരും’ എന്നു ഡോണൾഡ് ട്രംപ് മറുഭീഷണി മുഴക്കി.

ഇറാനുമായുള്ള സമാധാനക്കരാറിൽനിന്ന് ഈയിടെ യുഎസ് പിന്മാറിയിരുന്നു. അതിനുശേഷം ഇരുരാജ്യങ്ങളുടെയും ബന്ധം വഷളാണ്. ഇറാന്റെ ആണവനിരായുധീകരണത്തിന് 2015ൽ വിവിധ രാജ്യങ്ങൾ അംഗീകരിച്ച കരാറിൽനിന്ന് യുഎസ് ഏകപക്ഷീയമായാണു പിന്മാറിയത്. സിംഹത്തിന്റെ വാലിൽപ്പിടിച്ചു കളിക്കരുതെന്ന് യുഎസിനെ ഭീഷണിപ്പെടുത്തിയ റൂഹാനി, ‘ഇറാനുമായുള്ള സമാധാനം എല്ലാ സമാധാനങ്ങളുടെയും മാതാവാണ്, ഇറാനുമായുള്ള യുദ്ധം എല്ലാ യുദ്ധങ്ങളുടെയും മാതാവാണ്. അമേരിക്ക ഇതു തിരിച്ചറിയണം’ എന്നും വെല്ലുവിളിച്ചിരുന്നു. ഇതിനു മറുപടിയായാണു റൂഹാനിയുടെ പേരെടുത്തു പറഞ്ഞ് ട്രംപും ഭീഷണി മുഴക്കിയത്. ‘നിങ്ങൾ പറയുന്നതു കേട്ടു കയ്യുംകെട്ടിയിരിക്കുന്ന രാജ്യമല്ല യുഎസ്, കരുതിയിരുന്നോളൂ’– ട്രംപ് പറഞ്ഞു.