സ്വരം മയപ്പെടുത്തി ട്രംപ്: റൂഹാനിയെ കാണാമെന്ന് പ്രഖ്യാപനം

വാഷിങ്ടൻ∙ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായി കൂടിക്കാഴ്ചയ്ക്കു തയാറാണെന്നും പുതിയ ആണവ നിരായുധീകരണ കരാറിനെക്കുറിച്ചു ചർച്ചചെയ്യാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പ്രതികരണം ലഭ്യമായിട്ടില്ല. റൂഹാനിയും ട്രംപും തമ്മിലുണ്ടായ ട്വിറ്റർ വാക്പോര് കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരുന്നു. റൂഹാനിക്കെതിരെ പരുഷ വാക്കുകൾ പ്രയോഗിച്ച ട്രംപ് ഇന്നലെ സ്വരം മയപ്പെടുത്തിയതോടെ, മുൻപ് ട്രംപും ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും തമ്മിലുണ്ടായതു പോലെയുള്ള കൂടിക്കാഴ്ചയ്ക്കു വഴിയൊരുങ്ങുന്നതായും വിലയിരുത്തപ്പെടുന്നു.

2015ൽ ബറാക് ഒബാമ പ്രസിഡന്റായിരിക്കെ യൂറോപ്യൻ രാജ്യങ്ങളോടൊപ്പം ചേർന്ന് ഇറാനുമായി ഒപ്പുവച്ച ആണവ നിരായുധീകരണ കരാറിൽനിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഇതേത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ‘ഇറാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുൻകൂർ വ്യവസ്ഥകളില്ലാതെ കൂടിക്കാഴ്ചയ്ക്കു തയാറാണ്’ എന്നാണ് ഇന്നലെ വൈറ്റ്ഹൗസിൽ ഇറ്റലി പ്രധാനമന്ത്രി ജൂസപ്പെ കോണ്ടിയുമായി ചേർന്നു നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞത്.

കോണ്ടിയുമായുള്ള ചർച്ചയിൽ ഇറാൻ കരാറും വിഷയമായിരുന്നു. ഇതേസമയം, ഇറാന്റെ ‘സ്വഭാവം’ മാറുന്നതുവരെ സാമ്പത്തിക ഉപരോധം തുടരുമെന്നു വൈറ്റ്ഹൗസ് വക്താക്കൾ വ്യക്തമാക്കി. ഇതിനിടെ, ആണവകരാറിൽനിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറിയത് നിയമവിരുദ്ധമാണെന്നും കരാറിന്റെ ഭാവിനിശ്ചയിക്കേണ്ടത് ഇനി യൂറോപ്യൻ രാജ്യങ്ങളാണെന്നും റൂഹാനി പറഞ്ഞു.

ഹുസൈൻ റൂഹാനി (ജൂലൈ 21ന്) : ‘ഇറാനുമായുള്ള സമാധാനം എല്ലാ സമാധാനങ്ങളുടെയും മാതാവാണ്, ഇറാനുമായുള്ള യുദ്ധം എല്ലാ യുദ്ധങ്ങളുടെയും മാതാവാണ്. അമേരിക്ക ഇതു തിരിച്ചറിയണം. സിംഹത്തിന്റെ വാലിൽപിടിച്ചു കളിക്കരുത്’

ഡോണൾഡ് ട്രംപ് (ജൂലൈ 22ന് ): ‘നിങ്ങൾ പറയുന്നതു കേട്ടു കയ്യുംകെട്ടിയിരിക്കുന്ന രാജ്യമല്ല യുഎസ്, കരുതിയിരുന്നോളൂ. തെറ്റായ എന്തെങ്കിലും നീക്കം ഇറാന്റെ ഭാഗത്തുനിന്നുണ്ടായാൽ ചരിത്രത്തിൽ വളരെക്കുറച്ചുപേർ മാത്രം അനുഭവിച്ച പ്രത്യാഘാതങ്ങൾ അവർ നേരിടേണ്ടി വരും’