ട്രംപ് എതിർത്ത കുടിയേറ്റ പദ്ധതിയിലൂടെ മെലനിയയുടെ മാതാപിതാക്കൾക്ക് പൗരത്വം

ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കുടിയേറ്റ പദ്ധതിയിലൂടെ പ്രഥമവനിത മെലനിയ ട്രംപിന്റെ മാതാപിതാക്കൾക്കു യുഎസ് പൗരത്വം. കുടിയേറ്റത്തിലൂടെ പൗരത്വം നേടിയവരുടെ കുടുംബാംഗങ്ങൾക്കു നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്ന കുടുംബ വീസ പദ്ധതിയിലൂടെയാണു സ്ലൊവേനിയൻ സ്വദേശികളായ വിക്ടറും (74), അമലിജയും (73) പൗരത്വം നേടിയത്.

കുടിയേറി പൗരത്വം നേടുന്നവർ അവരുടെ കുടുംബാംഗങ്ങളെയും അമേരിക്കയിലേക്കു കൊണ്ടുവരുന്ന രീതിയെ ‘ചങ്ങലക്കുടിയേറ്റം’ എന്നാണു ട്രംപ് ആക്ഷേപിച്ചുവന്നിരുന്നത്. ഈ പദ്ധതി അവസാനിപ്പിക്കുമെന്നു ട്രംപ് തിരഞ്ഞെടുപ്പുകാലത്തു പ്രഖ്യാപിച്ചിരുന്നു.ചങ്ങലക്കുടിയേറ്റം വൻതോതിൽ വിദേശികളെ അമേരിക്കയിലെത്തിക്കുന്നുവെന്നും ഇതു ഭീകരർക്കു വഴിയൊരുക്കുന്നുവെന്നുമാണു ട്രംപ് ആരോപിച്ചത്. പ്രത്യേക മേഖലകളിൽ കഴിവു തെളിയിച്ചവർക്ക് അനുവദിക്കുന്ന ഐൻസ്റ്റൈൻ വീസയിലാണു മോഡൽ എന്ന നിലയിൽ മെലനിയ 2001ൽ യുഎസിൽ എത്തിയത്. 2006ൽ പൗരത്വം ലഭിച്ചു. മെലനിയയുടെ സ്പോൺസർഷിപ്പിൽ ഗ്രീൻ കാർഡിലാണു മാതാപിതാക്കളും ഒപ്പം താമസിച്ചുവന്നത്.

ഐൻസ്റ്റൈൻ വീസ

ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ നേടുകയോ ഏതെങ്കിലും മേഖലയിൽ അസാധാരണ വ്യക്തിഗത മികവു പ്രകടിപ്പിക്കുകയോ ചെയ്യുന്ന വിദേശികളായ അക്കാദമിക പ്രതിഭകൾക്കു സ്ഥിരതാമസത്തിന് അനുവദിക്കുന്നതാണു യുഎസിലെ ഇബി–1 വീസ. ഐൻസ്റ്റൈൻ വീസ എന്നും ഇത് അറിയപ്പെടുന്നു. പുലിറ്റ്‌സർ, ഓസ്കർ, ഒളിംപിക്സ് ജേതാക്കളെ ഇത്തരത്തിൽ പരിഗണിക്കാറുണ്ട്. മെലനിയ ട്രംപിന് മോഡൽ എന്ന നിലയിലാണ് ഈ വീസ ലഭിച്ചത്.