ജലപദ്ധതികളുടെ പരിശോധനയ്ക്ക് ഇന്ത്യയും പാക്കിസ്ഥാനും

ഇസ്‌ലാമാബാദ് ∙ സിന്ധുനദീതടത്തിലെ കോത്രി അണക്കെട്ടിൽ പരിശോധന നടത്താൻ ഇന്ത്യയെ അനുവദിക്കാമെന്നു പാക്കിസ്ഥാൻ സമ്മതിച്ചതായി റിപ്പോർട്ട്. ഝലം നദീതടത്തിലെ കിഷൻഗംഗ അടക്കമുള്ള ജലവൈദ്യുത പദ്ധതികളിൽ പരിശോധന നടത്താൻ പാക്കിസ്ഥാന് അനുമതി നൽകാമെന്ന് ഇന്ത്യയും സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ലഹോറിൽ നടന്ന, സിന്ധുനദീജല കരാർ സംബന്ധിച്ച ഉഭയകക്ഷി ചർച്ചയിലാണു തീരുമാനങ്ങൾ ഉരുത്തിരിഞ്ഞത്. ഇമ്രാൻ ഖാൻ പാക്ക് പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം ഇരുരാജ്യങ്ങളും തമ്മിൽ ആദ്യമായി നടത്തിയ ഔദ്യോഗിക ചർച്ചയായിരുന്നു ഇത്.