ഇറാൻ: രക്ഷാസമിതി യോഗത്തിന് ട്രംപ് നേരിട്ടെത്തും

ന്യൂയോർക്ക്∙ ഈ മാസം 26നു ചേരുന്ന രക്ഷാസമിതി യോഗത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധ്യക്ഷത വഹിക്കുമെന്ന് യുഎന്നിലെ യുഎസ് സ്ഥാനപതി നിക്കി ഹേലി അറിയിച്ചു. ഇറാനെതിരെ കർശന നിലപാടു സ്വീകരിക്കാൻ അംഗങ്ങളെ നിർബന്ധിതമാക്കുന്നതിനാണ് ട്രംപ് നേരിട്ടെത്തുന്നതെന്നു കരുതുന്നു. ഇറാനെക്കുറിച്ച് ഏറെ ആശങ്കയുണ്ടെന്ന് നിക്കി ഹേലി ചൂണ്ടിക്കാട്ടി.

ഇറാന്റെ മിസൈൽ പദ്ധതിയും ഭീകരസംഘടനകളെ പിന്തുണയ്ക്കുന്ന നിലപാടും രക്ഷാസമിതി പ്രമേയങ്ങളുടെ ലംഘനമാണെന്നും അവർ അഭിപ്രായപ്പെട്ടു. ഈ മാസം യുഎൻ രക്ഷാസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത് യുഎസ് പ്രതിനിധിയാണ്.