പത്രത്തിൽ പേരില്ലാ ലേഖനം: ആളാരെന്നു പറയണമെന്ന് ട്രംപ്

വാഷിങ്ടൻ∙ ട്രംപ് ഭരണകൂടത്തിനുള്ളിൽ നിന്നുകൊണ്ട്, അദ്ദേഹത്തിനെതിരെ യുദ്ധം നയിക്കുന്നവരിലൊരാളെന്നു പറഞ്ഞ് ‘ന്യൂയോർക്ക് ടൈംസ്’ പത്രത്തിൽ പ്രസിദ്ധീകരിച്ച പേരില്ലാ ലേഖനം വിവാദമായി. ലേഖകൻ ആരാണെന്നു കണ്ടെത്താൻ വൈറ്റ്ഹൗസിന്റെ ശ്രമം തുടരുന്നതിനിടെ, ആ ‘ഭീരു’വിന്റെ പേരു വെളിപ്പെടുത്തണമെന്നു പത്രത്തോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.  

‘അതാരായാലും രാജ്യത്തിനകത്ത് ഇത്തരം നിഗൂഢ രാഷ്ട്രം സൃഷ്ടിക്കുന്നവർ ജനാധിപത്യത്തിനു തന്നെ ഭീഷണിയാണ്’– മൊന്റാനയിലുള്ള ബില്ലിങ്സിൽ നടന്ന റാലിയിൽ ട്രംപ് പറഞ്ഞു.  

ഇതിനിടെ, ആളുടെ പേര് ഊഹിക്കാനുള്ള മൽസരങ്ങൾ ഇന്റർനെറ്റിൽ നിറഞ്ഞു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, നാഷനൽ ഇന്റലിജൻസ് മേധാവി ഡാൻ കോട്സ്, യുഎന്നിലെ യുഎസ് അംബാസഡർ നിക്കി ഹേലി തുടങ്ങിയവർനിരപരാധിത്വം വ്യക്തമാക്കിയിരുന്നു. 

വൈറ്റ്‌ഹൗസ് ഒരു ഭ്രാന്തൻ പട്ടണമാണെന്നു വിവരിച്ചു ബോബ് വുഡ്‌വേഡ്സ് എഴുതി ഉടൻ പുറത്തിറങ്ങുന്ന പുസ്തകം ‘ഫിയർ: ട്രംപ് ഇൻ ദ് വൈറ്റ്‌ഹൗസി’ൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണു പേരില്ലാ ലേഖനം. മുൻ യുഎസ് പ്രസിഡന്റ് റിച്ചഡ് നിക്സന്റെ കാലത്തെ വാട്ടർഗേറ്റ് വിവാദം റിപ്പോർട്ട് ചെയ്തത് വുഡ്‌വേഡ്സാണ്.