ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ള സബ്സിഡി നിർത്തണം: ട്രംപ്

ഷിക്കാഗോ ∙ ഇന്ത്യയ്ക്കും ചൈനയ്ക്കും സബ്സിഡി നൽകുന്നത് അവസാനിപ്പിക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 

‘ഇന്ത്യയുടെയും ചൈനയുടെയും സമ്പദ്‌വ്യവസ്ഥ വളർന്നുകൊണ്ടിരിക്കുകയാണ്. മതിയായ വളർച്ച വന്നിട്ടില്ലെന്നു പറഞ്ഞു നാം അവർക്കു സബ്സിഡി നൽകിക്കൊണ്ടിരിക്കുകയാണ്. ഇതു തനി ഭ്രാന്താണ്. ഇതു നിർത്തണം. അമേരിക്ക വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ്. നമുക്കു മറ്റാരെക്കാളും വികസിക്കേണ്ടതുണ്ട് – കൈയടികൾക്കിടെ അദ്ദേഹം പറഞ്ഞു. 

ചൈനയെ വൻ ശക്തിയാക്കുകയാണു ലോക വ്യാപാര സംഘടന ചെയ്തത്. സമ്പന്നരാജ്യങ്ങൾക്കു സുരക്ഷിതത്വം നൽകുന്നതിനു നമുക്കു പ്രതിഫലം കിട്ടണം. ലോകത്ത് ഏറ്റവും അധികം പ്രതിരോധച്ചെലവുള്ളതു നമുക്കാണ്. ഇതിൽ അധികവും മറ്റു രാജ്യങ്ങളുടെ സംരക്ഷണത്തിനായാണു ചെലവഴിക്കുന്നത്. എന്നാൽ അതിൽ ചിലർക്കു നമ്മോട് ഇഷ്ടംതന്നെയില്ല. ആദരവുമില്ല – ട്രംപ് പറഞ്ഞു.