ചുഴലിക്കൊടുങ്കാറ്റ്: ഫിലിപ്പീൻസിൽ 64 മരണം, 45 പേരെ കാണാതായി

ചൈനയിലെ ഷെൻഷനിൽ, മംഗൂട്ട് ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്തമഴയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീ. ചിത്രം:റോയിട്ടേഴ്സ്

ഹോങ്കോങ്∙ ഫിലിപ്പീൻസിൽ ശനിയാഴ്ച 64 പേരുടെ മരണത്തിനിടയാക്കിയ മംഗൂട്ട് ചുഴലിക്കൊടുങ്കാറ്റ് ഇന്നലെ ദക്ഷിണചൈനയിലേക്കു മാറി. കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ഫിലിപ്പീൻസിൽ മരണസംഖ്യ വർധിക്കാൻ കാരണം. ചുഴലിക്കൊടുങ്കാറ്റ് മൂലം ദക്ഷിണ ചൈനയിൽ 24 ലക്ഷം പേരെ ഒഴിപ്പിക്കുകയും 50,000 മീൻപിടിത്ത ബോട്ടുകൾ തിരികെ വിളിക്കുകയും ചെയ്തു.

വടക്കൻ ഫിലിപ്പീൻസിൽ പാവപ്പെട്ട ഖനിത്തൊഴിലാളികൾ പാർക്കുന്ന ഗ്രാമങ്ങളിലാണ് ശനിയാഴ്ച ചുഴലിക്കൊടുങ്കാറ്റ് വൻനാശം സൃഷ്ടിച്ചത്. വീടുകൾ വീണും മണ്ണിടഞ്ഞും ആളുകൾ മരിച്ചതു കൂടാതെ 45 പേരെ കാണാതായിട്ടുണ്ട്. 33 പേർക്ക് കൊടുങ്കാറ്റ് മൂലം ഉണ്ടായ അപകടങ്ങളിൽ പരുക്കേറ്റു.

ദക്ഷിണചൈനയിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ഹോങ്കോങ്ങിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഹോങ്കോങ്ങിൽ അടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റായിരിക്കും ഇതെന്ന് ഹോങ്കോങ് ഒബ്സർവേറ്ററി മുന്നറിയിപ്പു നൽകി. മക്കാവുവിലെ ചൂതാട്ട കേന്ദ്രങ്ങൾ അടച്ചു. വിക്ടോറിയ തുറമുഖത്ത് കനത്ത ജാഗ്രതപാലിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. വിമാന സർവീസുകൾ റദ്ദാക്കി. കനത്ത മഴയെത്തുടർന്നു ഹോങ്കോങ്ങിൽ കെട്ടിടങ്ങൾക്കു നാശമുണ്ടായി.