മറ്റൊരു ‘നിലയം’ കൂടി ഭൂമിയിലേക്ക്; നിയന്ത്രണവിധേയമെന്നു ചൈന

ബെയ്ജിങ് ∙ ചൈനയുടെ മറ്റൊരു ബഹിരാകാശനിലയം കൂടി ഭൂമിയിലേക്കു തിരിച്ചുവരുന്നു. ഇക്കുറി പേടിക്കേണ്ട; പതനം നിയന്ത്രിച്ച് അപകടരഹിതമാക്കുമെന്നു ചൈന. മാസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ കഴിഞ്ഞ ഏപ്രിലിൽ എട്ടുടൺ ഭാരമുള്ള ചൈനയുടെ ടിയാങ്ഗോങ് ഒന്ന് എന്ന ബഹിരാകാശനിലയം നിയന്ത്രണം വിട്ടു ശാന്തസമുദ്രത്തിൽ പതിച്ചിരുന്നു. ഇതിന്റെ പല ഭാഗങ്ങളും ഇപ്പോഴും ബഹിരാകാശ മാലിന്യമായി ഭൂമിയെ ചുറ്റുന്നുണ്ട്.

ടിയാങ്ഗോങ് ഒന്നിന്റെ തുടർച്ചയായി വിക്ഷേപിച്ച ടിയാങ്ഗോങ് 2 രണ്ടുവർഷത്തെ ദൗത്യം പൂർത്തിയാക്കിയെന്നും ഭ്രമണപഥത്തിൽ അടുത്തവർഷം ജൂലൈവരെ തുടരുമെന്നുമാണു ചൈനയുടെ അറിയിപ്പ്. ശേഷം ശാന്തസമുദ്രത്തിൽ സുരക്ഷിതമായി ഇറക്കാനാകുമത്രേ. ടിയാങ്ഗോങ് 2 ഭ്രമണപഥത്തിൽനിന്നു മാറിയതായി കഴിഞ്ഞ ജൂണിൽത്തന്നെ യുഎസിലെ ഹാർവഡ് സർവകലാശാലാ ഗവേഷകർ ലോകത്തെ അറിയിച്ചിരുന്നു. അന്നു ചൈന പ്രതികരിച്ചിരുന്നില്ല.