വത്തിക്കാൻ സിനഡിൽ 2 ചൈനീസ് ബിഷപ്പുമാർ

ബിഷപ് ജോസഫ് ഗുവോ ജിൻകയ്, ബിഷപ് ജോൺ ബാപ്റ്റിസ്റ്റ് യാങ് സിയോടിൻ

വത്തിക്കാൻ സിറ്റി ∙നമ്മുടെ കുറ്റങ്ങളും കുറവുകളും പാപങ്ങളും കൊണ്ട് അടുത്ത തലമുറയുടെ വിശ്വാസത്തെ ഊതിക്കെടുത്തരുതെന്ന് ഫ്രാൻസിസ് മാർപാപ്പ. യുവാക്കളുടെ സമ്മേളനം എന്നു നാമകരണം ചെയ്ത, ഒരു മാസത്തെ സിനഡിൽ മുഖ്യപ്രഭാഷണം നടത്തുമ്പോഴാണു മാർപാപ്പ കത്തോലിക്ക സഭയുടെ നവീകരണത്തിന് ആഹ്വാനം ചെയ്തത്.

ചരിത്രത്തിലാദ്യമായി ചൈനയിൽനിന്നുള്ള രണ്ടുപേർ ഉൾപ്പെടെ 250 ബിഷപ്പുമാർ പങ്കെടുക്കുന്ന സിനഡിൽ 40 യുവാക്കൾ നിരീക്ഷകരായും സംബന്ധിക്കുന്നുണ്ട്. ചൈനയിൽ നിന്നുള്ള ബിഷപ് ജോസഫ് ഗുവോ ജിൻകയ്, ബിഷപ് ജോൺ ബാപ്റ്റിസ്റ്റ് യാങ് സിയോടിൻ എന്നിവർക്കു തന്റെ പ്രസംഗത്തിൽ മാർപാപ്പ ഊഷ്മളമായ സ്വാഗതം നേർന്നപ്പോൾ സദസ്സ് കരഘോഷം മുഴക്കി.

ചൈനീസ് ഭരണകൂടം ഏകപക്ഷീയമായി നിയമിച്ച ഏഴു വൈദികർക്ക് അംഗീകാരം നൽകാൻ വത്തിക്കാനും ചൈനയും തമ്മിൽ കഴിഞ്ഞ മാസം 22 ന് ധാരണയിലെത്തിയിരുന്നു. ഇതു ചൈനീസ് ഭരണകൂടവും കത്തോലിക്ക സഭയും തമ്മിലുള്ള ബന്ധത്തെ സാധാരണനിലയിലേക്കു കൊണ്ടുവന്നതിനെ തുടർന്നാണു ചൈനയിൽ നിന്നുള്ള ബിഷപ്പുമാർ ആദ്യമായി സിനഡിൽ പങ്കെടുക്കുന്നത്. 28 നാണു സമാപനം.