ലഷ്കറും പാക്ക് താലിബാനും യുഎസിനു ഭീഷണി

വാഷിങ്ടൻ ∙ പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടനകളായ ലഷ്കറെ തയിബ, തെഹ്‌രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) എന്നിവ ഭാവിയിൽ യുഎസിന് ഏറ്റവും വലിയ ഭീഷണിയാകുമെന്ന് ട്രംപ് ഭരണകൂടം. ഭീകരതയെയും അതിനെ പിന്തുണയ്ക്കുന്നവരെയും മുഴുവൻ ശക്തിയും ഉപയോഗിച്ചു തകർക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.

ഐഎസ്,അൽ ഖായിദ, ബൊക്കോ ഹറാം തുടങ്ങിയ ഭീകരസംഘടനകളും യുഎസ് താൽപര്യങ്ങൾക്കു വിരുദ്ധമാണെന്നു വ്യാഴാഴ്ച വൈറ്റ് ഹൗസ് പുറത്തുവിട്ട പുതിയ ഭീകരവിരുദ്ധനയം ചൂണ്ടിക്കാട്ടുന്നു. ലഷ്കർ അടക്കം ഭീകരസംഘടനകൾ പ്രാദേശികാടിസ്ഥാനത്തിലാണു പ്രവർത്തനമെങ്കിലും അവർക്കു രാജ്യാന്തര ബന്ധങ്ങളുണ്ട്. മറ്റു ഭീകരസംഘങ്ങളുമായും ബന്ധമുണ്ട്. ഇവരെല്ലാം കടുത്ത യുഎസ് വിരുദ്ധനിലപാടുകാരാണ്.

ഇറാഖിലും സിറിയയിലും ഐഎസിന്റെ ശക്തികേന്ദ്രങ്ങൾ തകർത്തെങ്കിലും രാജ്യാന്തരതലത്തിൽ ഏറ്റവും വലിയ ഭീഷണിയായി തുടരുന്നു. അൽ ഖായിദ ദുർബലമായെങ്കിലും അതിന്റെ മുതിർന്ന നേതാക്കൾ വിവിധരാജ്യങ്ങളിൽ പുതിയ ഭീകരസംഘങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഭീകരസംഘടനകളുടെ രാജ്യാന്തര വ്യാപനം തടയുക, സാമ്പത്തിക സ്രോതസ്സുകൾ മരവിപ്പിക്കുക എന്നിവയിൽ ഊന്നൽ നൽകുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ പറഞ്ഞു.