ഐഎസ്ഐയെ വിമർശിച്ചു; ഇസ്‍ലാമാബാദ് ഹൈക്കോടതിയിലെ ജഡ്ജി പുറത്ത്

ഇസ്‍ലാമാബാദ്∙ പാക്ക് ചാരസംഘടനയായ ഐഎസ്ഐ അനുകൂല തീരുമാനം ലഭിക്കുന്നതിന് കോടതി നടപടികളിൽ ഇടപെടുന്നതായി അഭിപ്രായപ്പെട്ട ഇസ്‍ലാമാബാദ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ഷൗക്കത്ത് അസീസ് സിദ്ദിഖിയെ പുറത്താക്കി. കഴി‍ഞ്ഞ ജൂലൈ 21 ന് റാവൽപിണ്ടി ബാർ അസോസിയേഷൻ യോഗത്തിൽ പ്രസംഗിച്ചപ്പോൾ ഐഎസ്ഐയെ വിമർശിച്ച ജസ്റ്റിസ് ഷൗക്കത്തിനെ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ ശുപാർശയെ തുടർന്ന് പ്രസിഡന്റ് ആരിഫ് അൽവി പുറത്താക്കുകയായിരുന്നു.

അടുത്ത മാസം ഇസ്‍ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകേണ്ടിയിരുന്നയാളാണ്.

നിയമവ്യവസ്ഥയും മാധ്യമങ്ങളും സൈന്യത്തിന്റെ നിയന്ത്രണത്തിലായെന്നും ചാരസംഘടനയായ ഐഎസ്ഐ അനുകൂല വിധി ലഭിക്കാൻ കോടതികളിൽ ബെഞ്ചിന്റെ ഘടന നിശ്ചയിക്കുന്നതിൽ ഇടപെടുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് സൈന്യം ജസ്റ്റിസ് സിദ്ദിഖിക്കെതിരെ ഇസ്‍ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പരാതി നൽകി. ഇതു നിരസിച്ചതോടെ അവർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചു.

പരാതി പരിഗണിച്ച ചീഫ് ജസ്റ്റിസ് മിയാൻ സാഖിബ് നിസാർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പദവിക്കു ചേരാത്ത വിമർശനം നടത്തിയ ജസ്റ്റിസ് സിദ്ദിഖിക്കെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു.