‘മീ ടു’ വാർഷികത്തിൽ തിരിച്ചടി; വെയ്ൻസ്റ്റൈനെതിരെയുള്ള ഒരു പരാതി കോടതി തള്ളി

ന്യൂയോർക്ക്∙ പ്രമുഖ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈനെതിരെയുള്ള 6 ലൈംഗിക പീഡനക്കേസുകളിൽ ഒരെണ്ണം ന്യൂയോർക്ക് കോടതി തള്ളി. 2004 ൽ 21 വയസ്സുള്ള കോളജ് വിദ്യാർഥിയായിരിക്കെ തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന നടി ലൂസിയ ഇവാൻസിന്റെ പരാതിയാണു തള്ളിയത്.

‘മീ ടു’ പ്രസ്ഥാനത്തിന് ഒരു വയസ്സ് തികയുന്ന വേളയിലാണ് അതിന്റെ ആണിക്കല്ലായ കേസുകളിലൊന്നിൽ കോടതി വിധി എതിരായത്. വെയ്ൻസ്റ്റൈനെതിരെ ഉയർന്ന പരാതികളിലൂടെയാണു ലോകത്തു ‘മീ ടു’ പ്രസ്ഥാനം കത്തിപ്പടർന്നത്.

ആഞ്ജലീന ജോളി, ഗിനത്ത് പാൾട്രൊ തുടങ്ങിയ ഹോളിവുഡ് നടിമാരും മോഡലുകളും ഉൾപ്പെടെ എൺപതിലേറെ വനിതകൾ വെയ്ൻസ്റ്റൈനെതിരെ പിന്നീടു പരാതിപ്പെട്ടിരുന്നു. 2 വനിതകൾ നൽകിയ 5 കേസുകൾ കൂടി വെയ്ൻസ്റ്റൈനെതിരെ മാൻഹട്ടൻ കോടതിയിലുണ്ട്. 2006 ലും 2013 ലും പീഡിപ്പിച്ചതായാണു കേസുകൾ. ഇതിൽ ശിക്ഷിക്കപ്പെട്ടാൽ 66 കാരനായ നിർമാതാവ് ശിഷ്ടകാലം ജയിലിൽ കഴിയേണ്ടി വരും.

മറ്റു കേസുകൾ കൂടി തള്ളിക്കളയാൻ കോടതിയോട് ആവശ്യപ്പെടുമെന്നു വെയ്ൻസ്റ്റൈന്റെ അഭിഭാഷകൻ ബെൻ ബ്രാഫ്മാൻ പറഞ്ഞു.