നിലപാട് തിരുത്തി ട്രംപ്: കാലവസ്ഥാ മാറ്റം തട്ടിപ്പല്ല; എന്തോ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്

വാഷിങ്ടൻ∙ കാലാവസ്ഥാ വ്യതിയാനം തട്ടിപ്പല്ലെന്നു സമ്മതിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പക്ഷേ, അതേക്കുറിച്ച് കൂടുതൽ പറയുന്ന ശാസ്ത്രജ്ഞർക്ക് രാഷ്ട്രീയ അജൻഡയുണ്ടെന്ന് ആരോപിച്ചു. കാലാവസ്ഥാ വ്യതിയാനമെന്ന ശാസ്ത്രനിഗമനം തട്ടിപ്പാണെന്നായിരുന്നു ഇതുവരെ ട്രംപ് പറഞ്ഞിരുന്നത്. സിബിഎസ് ന്യൂസിന്റെ ‘60 മിനിറ്റ്’ പരിപാടിയുടെ ഭാഗമായുള്ള അഭിമുഖത്തിലാണ് ട്രംപ് മുൻനിലപാടു തിരുത്തിയത്.

‘കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്ന് ഇപ്പോൾ ഞാൻ കരുതുന്നില്ല. കാലാവസ്ഥയിൽ എന്തോ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നതു ശരിയാണ്. എന്നാൽ അതു മനുഷ്യനിർമിതമായ മാറ്റമാണോയെന്നു ചോദിച്ചാൽ എനിക്കറിഞ്ഞുകൂടാ’– അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവർഷം ജൂണിൽ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും തടയുന്നതിനുള്ള പാരിസ് ഉടമ്പടിയിൽ നിന്നു യുഎസ് പിന്മാറിയിരുന്നു. യുഎസിലെ എല്ലാ കുടിയേറ്റ നിയമങ്ങളും കാലാനുസൃതമായി പരിഷ്ക്കരിച്ച് അനധികൃത കുടിയേറ്റം പൂർണമായി തടയണമെന്നും ട്രംപ് പറഞ്ഞു.