യമീന്റെ ഹർജി തള്ളി; നവംബർ 17ന് സ്ഥാനമൊഴിയണം

അബ്ദുല്ല യമീൻ

മാലി ∙മാലദ്വീപിൽ കഴിഞ്ഞ മാസം 23നു നടന്ന തിരഞ്ഞെടുപ്പു റദ്ദാക്കി വീണ്ടും വോട്ടെടുപ്പു നടത്തണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് അബ്ദുല്ല യമീൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പ്രതിപക്ഷ സ്ഥാനാർഥി മുഹമ്മദ് സോലിഹ് വിജയിച്ച തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന യമീന്റെ അവകാശവാദം തെളിയിക്കാനായില്ലെന്ന് അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

രാജ്യാന്തര സമ്മർദത്തെ തുടർന്ന് സോലിഹിന്റെ ജയം ആദ്യം അംഗീകരിച്ച യമീൻ പിന്നീടു കോടതിയെ സമീപിക്കുകയായിരുന്നു. എതിരാളികളെ ജയിലിലടച്ചും രാജ്യം വിടാൻ നിർബന്ധിതരാക്കിയും 5 വർഷം ഏകാധിപത്യ ഭരണം നടത്തിയ യമീന് കോടതി വിധിയും എതിരായതോടെ നവംബർ 17നു സ്ഥാനമൊഴിയേണ്ടിവരും.