ട്രംപിനു തിരിച്ചടി; ജനപ്രതിനിധിസഭ പിടിച്ച് ഡെമോക്രാറ്റുകൾ

യുഎസ് പാർലമെന്റിലേക്കു മിനസോട്ടയിൽനിന്നു ജയിച്ച ഡമോക്രാറ്റ് പാർട്ടിയുടെ ഇൽഹാൻ ഉമർ വിജയാഘോഷത്തിനിടെ മകൾ ഇസ്ര തന്നെക്കുറിച്ച് പ്രസംഗിക്കുന്നത് ആസ്വദിക്കുന്നു. ഭർത്താവ് അഹ്മദ് ഹിർസി, മകൻ അദ്നാൻ എന്നിവർ സമീപം. ചിത്രം: റോയിട്ടേഴ്സ്

വാഷിങ്ടൻ∙ ചരിത്രം തിരുത്തി നാടകീയ വിജയപരാജയങ്ങളുമായി യുഎസ് ഇടക്കാല തിരഞ്ഞെടുപ്പുഫലം. പ്രവചിക്കപ്പെട്ടതുപോലെ, യുഎസ് ജനപ്രതിനിധിസഭയിൽ (ഹൗസ്) ഡെമോക്രാറ്റുകൾ ഗംഭീര തിരിച്ചുവരവു നടത്തി.

സെനറ്റിൽ റിപ്പബ്ലിക്കൻ മേധാവിത്വം തുടരുമെങ്കിലും കടിഞ്ഞാണില്ലാതെ പായുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വിവാദനയങ്ങളുമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാകും. 435 അംഗ ഹൗസിൽ 222 സീറ്റുകൾ ഡെമോക്രാറ്റുകൾ ജയിച്ചപ്പോൾ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി 196 സീറ്റ് നേടി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 218. 

4 ഡെമോക്രാറ്റ് സീറ്റുകൾ പിടിച്ചെടുത്തതുൾപ്പെടെ സെനറ്റിൽ നിലവിലുണ്ടായിരുന്ന നേരിയ ഭൂരിപക്ഷം മെച്ചപ്പെടുത്താനായതാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ നേട്ടം. ജനപ്രതിനിധി സഭ കൈവിട്ടുപോയിട്ടും ക്ഷീണമില്ലെന്ന ഭാവത്തിൽ, ‘ഗംഭീരവിജയത്തിന്റെ രാത്രി’യെന്നു ട്രംപ് ട്വീറ്റ് ചെയ്തു. പക്ഷേ, 435 അംഗ ജനപ്രതിനിധിസഭയിൽ 8 വർഷത്തിനുശേഷം ഡെമോക്രാറ്റുകൾ ആധിപത്യം നേടിയതോടെ, പ്രസിഡന്റിനെ ഇംപീച് ചെയ്യാനുള്ള നടപടികളിലേക്കുവരെ നീങ്ങിയേക്കാവുന്ന വഴിത്തിരിവുകൾക്കാണു കളമൊരുങ്ങിയിരിക്കുന്നത്. 36 സംസ്ഥാനങ്ങളിലെ ഗവർണർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് മുന്നേറ്റമുണ്ട്. 

ജനപ്രതിനിധി സഭയിലെ മുതിർന്ന ഡെമോക്രാറ്റ് നേതാവ് നാൻസി പെലോസി സ്പീക്കറാകും. ട്രംപ്, പെലോസിയെ വിളിച്ച് അഭിനന്ദനമറിയിച്ചു. തിരഞ്ഞെടുപ്പു ഫലം റഷ്യ–യുഎസ് ബന്ധം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷ നൽകുന്നില്ലെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. 

ചരിത്രം കുറിച്ച് മുസ്‌ലിം വനിതകൾ 

റഷീദ താലിബ്

ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ചരിത്രത്തിലാദ്യമായി യുഎസ് പാർലമെന്റിൽ രണ്ടു മുസ്‌ലിം വനിതകൾ– റഷീദ താലിബും ഇൽഹാൻ ഉമറും. ഇരുവരും മൽസരിച്ചതു ഡെമോക്രാറ്റ് ടിക്കറ്റി‍ൽ. റഷീദ മിഷിഗനിൽ നിന്നും ഇൽഹാൻ മിനസോട്ടയിൽനിന്നുമാണു ജയിച്ചത്. കോൺഗ്രസിൽ ശിരോവസ്ത്രമണിഞ്ഞെത്തുന്ന ആദ്യ അംഗം കൂടിയാകും ഇൽഹാൻ.

സൊമാലി വംശജയായ ഇവർ കുട്ടിക്കാലത്ത് ആഭ്യന്തരയുദ്ധത്തിൽപെട്ട് അഭയാർഥി ക്യാംപിൽ കഴിഞ്ഞിട്ടുണ്ട് പലസ്തീനിൽ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകളായ റഷീദ രാഷ്ട്രീയത്തിലിറങ്ങും മുൻപ് അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായിരുന്നു.