ഗാസയിൽ ഇസ്രയേൽ ആക്രമണം; ആറ് പലസ്തീൻകാർ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രണത്തിൽ തകർന്ന വാഹനം പരിശോധിക്കുന്നവർ.

ഗാസ സിറ്റി ∙ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലും വെടിവയ്പിലും 6 പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു. സംഘർഷത്തിൽ ഇസ്രയേൽ സൈന്യത്തിലെ ലെഫ്. കേണലും കൊല്ലപ്പെട്ടു. ഹമാസിന്റെ ഔദ്യോഗിക ചാനലായ അൽ അഖ്സ ടെലിവിഷന്റെ കെട്ടിടം ഇസ്രയേൽ യുദ്ധവിമാനങ്ങളുടെ ആക്രമണത്തിൽ തകർന്നു. ഞായറാഴ്ച ഗാസ മുനമ്പിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടു ഇസ്രയേൽ സേന നടത്തിയ രഹസ്യ ആക്രമണ പദ്ധതിയാണു സംഘർഷത്തിലേക്കു നയിച്ചത്. ഗാസ മുനമ്പിൽനിന്നു തെക്കൻ ഇസ്രയേലിലേക്ക് കനത്ത റോക്കറ്റ് ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്.

തെക്കൻ ഗാസാ മുനമ്പിൽ ഖാൻ യൂനിസിലേക്ക് നുഴഞ്ഞുകയറിയ ഇസ്രയേൽ സ്പെഷൽ ഫോഴ്‌സസ് സംഘം തങ്ങളുടെ നേതാക്കൾക്കു നേരെ വെടിയുതിർത്തതാണു സംഘർഷത്തിനു കാരണമായതെന്നു ഹമാസ് ആരോപിച്ചു. കൊല്ലപ്പെട്ടവരിൽ ഹമാസിന്റെ പ്രാദേശിക കമാൻഡറും ഉൾപ്പെടുന്നു. മാർച്ച് 30 നു ശേഷം ഗാസ അതിർത്തിയിൽ നടന്ന തുടർ പ്രക്ഷോഭങ്ങളിൽ 227 പലസ്തീൻ പൗരൻമാരാണു കൊല്ലപ്പെട്ടത്.

ഇസ്രയേലിന്റെ ഉപരോധംമൂലം കടുത്ത ഇന്ധന–വൈദ്യുതി ക്ഷാമത്തിലും സാമ്പത്തിക പ്രതിസന്ധിയിലും നട്ടംതിരിയുന്ന ഗാസാ മുനമ്പിൽ സഹായമെത്തിക്കാൻ ഖത്തറിനെ ഇസ്രയേൽ അനുവദിച്ചിരുന്നു. അതിർത്തിയിലെ സ്ഥിതി ശാന്തമായി വരുമ്പോഴാണു വീണ്ടും സംഘർഷം. പാരിസിൽ ഒന്നാം ലോകയുദ്ധ അനുസ്മരണത്തിൽ പങ്കെടുക്കുകയായിരുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പരിപാടി വെട്ടിച്ചുരുക്കി നാട്ടിലേക്കു മടങ്ങി.