ദക്ഷിണ കൊറിയയുടെ കിം ജോങ് യാങ് ഇന്റർപോൾ പ്രസിഡന്റ്

കിം ജോങ് യാങ്

ദുബായ് ∙ ഇന്റർപോൾ പ്രസിഡന്റായി ദക്ഷിണ കൊറിയയിൽ നിന്നുള്ള കിം ജോങ് യാങ്ങിനെ തിരഞ്ഞെടുത്തു. അഴിമതിക്കേസിൽ ചൈനയിൽ തടവിലാക്കപ്പെട്ടതിനെ തുടർന്നു മുൻ പ്രസിഡന്റ് മെങ് ഹോങ്‌വെ (64) രാജിവച്ച ശേഷം ആക്ടിങ് പ്രസിഡന്റായിരുന്നു കിം. 2020 വരെ പദവിയിൽ തുടരാം.

ഇന്റർപോൾ വൈസ് പ്രസിഡന്റ് അലക്സാണ്ടർ പ്രൊകോപ്ചുക്കിനെ പിന്തള്ളിയാണു കിം പദവിയിലെത്തിയത്. റഷ്യൻ പ്രതിനിധി പ്രസിഡന്റ് സ്ഥാനത്ത് എത്താതിരിക്കാൻ യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ശക്തമായ നീക്കം നടത്തിയിരുന്നു. പ്രസിഡന്റ് പദവി റഷ്യ ദുരുപയോഗം ചെയ്യുമെന്നും രാഷ്ട്രീയ എതിരാളികൾക്കെതിരെ ആയുധമാക്കുമെന്നുമായിരുന്നു വിമർശകരുടെ വാദം.

ലോക പൊലീസ് സംഘടനയായ ഇന്റർപോളിന്റെ ആസ്ഥാനം ഫ്രാൻസിലെ ലിയോ ആണ്. ദൈനംദിന പ്രവർത്തനങ്ങൾക്ക് സെക്രട്ടറി ജനറൽ നേതൃത്വം നൽകുന്ന സംഘടനയിൽ പ്രസിഡന്റിന്റേത് ആലങ്കാരിക പദവിയാണ്.