Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റർപോൾ തലവനെ ചൈനയിൽ കാണാതായി

meng-hongwei മെങ് ഹോങ്‌വെ

പാരിസ് ∙ ഇന്റർപോൾ തലവൻ മെങ് ഹോങ്‌വെയെ (64) കാണാനില്ലെന്നു പരാതി. ചൈനീസ് സ്വദേശിയായ മെങ് കഴിഞ്ഞ മാസം 29നു നാട്ടിലേക്കു പോയശേഷം വിവരമില്ലെന്നാണു ഭാര്യ ഫ്രഞ്ച് പൊലീസിനു നൽകിയ പരാതി. തിരോധാനം ഇന്റർപോളും സ്ഥിരീകരിച്ചു. ലോക പൊലീസ് സംഘടനയായ ഇന്റർപോളിന്റെ ആസ്ഥാനം ഫ്രാൻസിലെ ലിയോൺ ആണ്. സെക്രട്ടറി ജനറൽ നേതൃത്വം നൽകുന്ന സംഘടനയിൽ പ്രസിഡന്റിന്റേത് ആലങ്കാരിക പദവിയാണ്.

മെങ് ചൈനയിലെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തുടർന്നുള്ള യാത്രാപരിപാടികളെക്കുറിച്ചു വിവരമൊന്നുമില്ല. ചൈനയിൽ സുരക്ഷാ സഹമന്ത്രിയായിരുന്ന മെങ് പൊലീസിലും കോസ്റ്റ് ഗാർഡിലും മറ്റും ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. 2016ലാണ് ഇന്റർപോൾ പ്രസിഡന്റ് ആയത്. വിദേശത്തുള്ള വിമതരെ ഉന്നമിടാൻ മെങ്ങിന്റെ പദവി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ദുരുപയോഗം ചെയ്തേക്കാമെന്നു മനുഷ്യാവകാശപ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

മെങ് ചൈനയിലായിരിക്കേ സഹകരിച്ചു പ്രവർത്തിച്ചിരുന്ന പാർട്ടിയിലെയും ഭരണത്തിലെയും ചില ഉന്നതർ, ഷിയുടെ കണ്ണിൽ കരടായി ഇപ്പോൾ തടവിലാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കുറ്റത്തിനു തടവിലുള്ള മുൻ സുരക്ഷാമേധാവി ഷൗ യോങ്‌കാങ് ആണ് ഇവരിൽ പ്രധാനി.