റഷ്യ – യുക്രെയ്ൻ സംഘർഷം: അയൽരാജ്യങ്ങൾ ആശങ്കയിൽ

മോസ്കോ/കെർച്/ക്രൈമിയ ∙ യുക്രെയ്ന്റെ 3 കപ്പലുകൾ റഷ്യ പിടിച്ചെടുത്തതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. യുക്രെയ്ൻ പ്രകോപനം ഉണ്ടാക്കിയതാണ് കപ്പലുകൾ പിടിച്ചെടുക്കാൻ കാരണമെന്ന് റഷ്യ ആവർത്തിച്ചു. റഷ്യക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തണമെന്ന് യുക്രെയ്നും യൂറോപ്യൻ യൂണിയനിലെ ചില പ്രമുഖ രാഷ്ട്രീയക്കാരും ആവശ്യപ്പെട്ടതോടെ പ്രശ്നം സങ്കീർണമായി. ഉപരോധഭീതിയിൽ റഷ്യയുടെ സാമ്പത്തികമേഖല ഉലയുന്നു.

റഷ്യയുടെ ജലാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് യുക്രെയ്ന്റെ നാവിക കപ്പലുകൾ ക്രൈമിയയ്ക്കു സമീപം കെർച് കടലിടുക്കിൽ നിന്ന് റഷ്യ പിടിച്ചെടുത്തത്. കപ്പലുകളിൽ യുക്രെയ്ൻ ആയുധം കടത്തുകയായിരുന്നുവെന്ന് റഷ്യ ആരോപിക്കുന്നു. ജർമൻ ചാൻസലർ അംഗല മെർക്കൽ യുക്രെയ്ൻ പ്രധാനമന്ത്രി പെട്രോ പൊറോഷെങ്കോയെ ഫോണിൽ വിളിച്ച് ചർച്ചയിലൂടെ പ്രശ്നപരിഹാരം കാണാൻ ആവശ്യപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായും മെർക്കൽ ഫോണിൽ ബന്ധപ്പെട്ടു.

അതിർത്തി പ്രദേശങ്ങളിൽ യുക്രെയ്ൻ പട്ടാളനിയമം പ്രഖ്യാപിച്ചു. ഇത്തരം എടുത്തുചാട്ടത്തിനും പ്രകോപനത്തിനും കനത്ത വില നൽകേണ്ടിവരുമെന്ന് റഷ്യ മുന്നറിയിപ്പു നൽകി. സംഘർഷം മൂർച്ഛിക്കുന്നത് തടയാൻ യൂറോപ്യൻ യൂണിയൻ ശ്രമിക്കുന്നുണ്ട്. കപ്പലുകൾ ഉടൻ വിട്ടുകൊടുക്കണമെന്ന് യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഡോണൾഡ് ടസ്ക് റഷ്യയോട് ആവശ്യപ്പെട്ടു. യുഎൻ രക്ഷാസമിതി അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.