‘ജിയോണി’ ചെയർമാനു ചൂതുകളിഭ്രമം; മൊബൈൽ കമ്പനി നഷ്ടത്തിൽ

x-default

ബെയ്ജിങ് ∙ ചെയർമാന്റെ ചൂതുകളിഭ്രമം മൂലം ചൈനീസ് സ്മാർട് ഫോ‍ൺ കമ്പനി ‘ജിയോണി’ കടക്കെണിയിൽ. ആയിരം കോടി രൂപ നഷ്ടപ്പെട്ടതായി കമ്പനി സമ്മതിച്ചു. കമ്പനി സ്ഥാപകനും ചെയർമാനുമായ ലിയു ലിറങ് ഒറ്റച്ചൂതു കളിയിലൂടെ മാത്രം തുലച്ചത് 4900 കോടി രൂപയാണെന്നും കമ്പനിയുടെ മൊത്തം നഷ്ടം 10,000 കോടി രൂപയ്ക്കടുത്താണെന്നും റിപ്പോർട്ടുണ്ട്. കമ്പനിയുടെ ഇടപാടുകാരായ 20 പേർ പണം കിട്ടാത്തതുമൂലം കേസിനു പോയിട്ടുണ്ട്. ചൂതുകളിക്കു കമ്പനിയുടെ പണമെടുത്തുവെന്ന റിപ്പോർട്ടുകൾ ലിയു നിരസിച്ചു. എന്നാൽ കമ്പനിയിൽ നിന്ന് പണം കടം വാങ്ങിയതായി സമ്മതിച്ചു.

2002ൽ ആരംഭിച്ച ജിയോണി ചൈനയിലെ ആദ്യ മൊബൈൽ കമ്പനികളിലൊന്നാണ്. 2013ലാണ് ബ്രാൻഡ് ഇന്ത്യയിലെത്തിയത്. ഈ വർഷം 650 കോടി രൂപ ഇന്ത്യൻ വിപണിയിൽ മുതൽമുടക്കാൻ കമ്പനി തീരുമാനിച്ചിരുന്നു. തുടർന്നായിരുന്നു തകർച്ച. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍ലി, നടി അലിയ ഭട്ട് , ബാഹുബലി നായകൻ പ്രഭാസ് എന്നിവരായിരുന്നു കമ്പനിയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർമാർ.