Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഞ്ചിവീട്ടിൽ ചീട്ടുകളി: 11 പേർ അറസ്റ്റിൽ; 4.30 ലക്ഷം രൂപ പിടിച്ചു

arrest

ആലപ്പുഴ ∙ വഞ്ചിവീട് കേന്ദ്രീകരിച്ചു ചീട്ടുകളി നടത്തുന്ന സംഘം പിടിയിൽ. 11 പേർ അറസ്റ്റിൽ, 4.30 ലക്ഷം രൂപയും പിടിച്ചെടുത്തു. എറണാകുളം സ്വദേശികളായ  വ്യവസായികൾ ഉൾപ്പെടെയുള്ളവരെ ചാർട്ട് ചെയ്ത് ആലപ്പുഴയിലെത്തിച്ചായിരുന്നു ചീട്ടുകളി നടത്തിയിരുന്നതെന്നു ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രൻ അറിയിച്ചു.

മുൻകൂട്ടി തയാറാക്കിയ വഞ്ചിവീട്ടിൽ ഇവരെ കയറ്റി കായലിനു നടുവിൽ എത്തിച്ചു വിനോദ സഞ്ചാരത്തിന്റെ മറവിലാണു ചീട്ടുകളി നടത്തുന്നത്. കുറഞ്ഞത് 50,000 രൂപ കൈവശമുണ്ടെന്നു തെളിയിക്കുന്നവരെ മാത്രമേ ബോട്ടിൽ കയറ്റിയിരുന്നുള്ളൂ. സംഘത്തെക്കുറിച്ചു വിവരം ലഭിച്ചതിനെത്തുടർന്നു സ്പെഷൽ ബ്രാഞ്ച് പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേകം പരിശീലനം നൽകിയ ഉദ്യോഗസ്ഥരെ ബോട്ടിൽ ചീട്ടുകളി സംഘത്തിനൊപ്പം കയറ്റിയാണ് ഇവരെ കുടുക്കിയത്. 

സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ടി.അനിൽകുമാർ, ആലപ്പുഴ ഡിവൈഎസ്പി പി.വി.ബേബി, സ്പെഷൽ ബ്രാഞ്ച് എസ്ഐ മോഹൻദാസ്, സജി, പരിശീലനം നേടിയ ഏഴു പൊലീസ് ഉദ്യോഗസ്ഥർ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. വൈക്കം വെച്ചൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വഞ്ചിവീട്ടിലാണു ചീട്ടുകളി നടന്നിരുന്നത്. ചീട്ടുകളി നടത്തിപ്പുകാരൻ, ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്നവർ, വഞ്ചിവീട് ഉടമസ്ഥൻ, ജീവനക്കാർ എന്നിവരെ പ്രതികളാക്കി കേസെടുത്തു.