500 കോടി പ്രകാശവർഷം അകലെ തമോഗർത്ത സംയോജനം

വാഷിങ്ടൻ ∙ ഏറ്റവും അകലെ നിന്നുള്ള തമോഗർത്ത സംയോജനം മൂലമുണ്ടായ ഗുരുത്വതരംഗ പ്രസരണം കണ്ടെത്തിയെന്ന് യുഎസ്– യൂറോപ്പ് ശാസ്ത്രസംഘം. യുഎസ്സിലെ അഡ്വാൻസ്ഡ് ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷനൽ വേവ് ഒബ്സർവേറ്ററിയും യൂറോപ്പിലെ വിർഗോ ഒബ്സർവേറ്ററിയും കഴിഞ്ഞ വർഷം മുതൽ നടത്തിവന്ന നിരീക്ഷണത്തിലാണു കണ്ടെത്തൽ.

കഴി‍ഞ്ഞ വർഷം ജൂലൈ 29നു കണ്ടെത്തിയ ഈ തരംഗം 500 കോടി പ്രകാശവർഷം അകലെയുള്ള തമോഗർത്തങ്ങളുടെ കൂടിച്ചേരലിൽ നിന്ന് ഉദ്ഭവിച്ചതാണ്. ഇതിന്റെ ഫലമായുണ്ടായ പുതിയ തമോഗർത്തത്തിന് സൂര്യന്റെ 80 ഇരട്ടി പിണ്ഡമുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതു കൂടാതെ 3 ഗുരുത്വതരംഗ പ്രസരണങ്ങൾ കൂടി ശാസ്ത്രസംഘം കണ്ടെത്തി.

ഇതോടെ ഗവേഷകർ കണ്ടെത്തിയ ഗുരുത്വതരംഗ പ്രസരണങ്ങളുടെ എണ്ണം 11 ആയി. ന്യൂട്രോൺ നക്ഷത്രങ്ങൾ കൂടിച്ചേർന്നതു മൂലമുണ്ടായ ഒരു പ്രസരണം ഒഴിച്ചാൽ ബാക്കിയെല്ലാം തമോഗർത്തങ്ങളുടെ സംയോജനം മൂലമുണ്ടായതാണ്.