തെരേസ മേ വിഷമവൃത്തത്തിൽ

തെരേസ മേ

ബ്രസൽസ് (ബൽജിയം) ∙ ബ്രെക്സിറ്റ് ഉടമ്പടിയിലെ കടുത്ത നിബന്ധനകളിൽ യൂറോപ്യൻ യൂണിയനിൽ നിന്ന് ഇളവുകൾ നേടാനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ ശ്രമം പരാജയപ്പെട്ടു. 

ബ്രിട്ടനിൽ ശക്തമായ എതിർപ്പുള്ള ഈ ഉടമ്പടിക്കു ബ്രിട്ടിഷ് പാർലമെന്റിന്റെ അനുമതി നേടുക പ്രയാസമാണെന്നു ബോധ്യമായതിനെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച ശേഷമാണ് മേ യൂറോപ്യൻ യൂണിയൻ (ഇയു) ആസ്ഥാനത്തെത്തി വ്യവസ്ഥകളിൽ ഇളവുകൾ തേടിയത്.

നീണ്ട ചർച്ചകൾക്കൊടുവിൽ, കഴിഞ്ഞ മാസമുണ്ടാക്കിയ ഉടമ്പടിയിൽ മാറ്റം വരുത്താനാവില്ലെന്നും അംഗീകരിക്കാനാവില്ലെങ്കിൽ ബ്രെക്സിറ്റ് ഒഴിവാക്കാനുമായിരുന്നു യൂണിയന്റെ നിർദേശം. ഉടമ്പടിയെച്ചൊല്ലി സ്വന്തം കൺസർവേറ്റീവ് (ടോറി) പാർട്ടിയുടെ അവിശ്വാസം നേരിട്ട മേ 2022 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു വ്യക്തമാക്കിയതിനെ തുടർന്നാണ് അതിനെ അതിജീവിച്ചത്. ബ്രെക്സിറ്റ് നടപടികൾ പൂർത്തിയായാലുടൻ മേയ് സ്ഥാനമൊഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്.

നിശ്ചിത സമയത്തിനുള്ളിൽ ഉടമ്പടിക്ക് ബ്രിട്ടിഷ് പാർലമെന്റിന്റെ അനുമതി നേടാനായില്ലെങ്കിൽ യൂറോപ്യൻ യൂണിയന്റെ വ്യാപാര വവ്യസ്ഥകൾ ബ്രിട്ടൻ പാലിക്കേണ്ടി വരും. ലോകത്തെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയായ യൂറോപ്യൻ യൂണിയനിലെ 28 അംഗ രാജ്യങ്ങളിൽ ഒന്നുപോലും ഇതുവരെ വിട്ടുപോയിട്ടില്ല. 40 വർഷത്തെ അംഗത്വത്തിൽ ബ്രിട്ടന് യൂറോപ്യൻ യൂണിയനുമായുള്ള 750 രാജ്യാന്തര കരാറുകളെ ബാധിക്കുന്നതാണ് ബ്രെക്സിറ്റ്.

അടുത്ത മാർച്ച് 29 ന് ബ്രെക്സിറ്റ് യാഥാർഥ്യമായാൽ ബ്രിട്ടന്റെ വിമാനങ്ങൾക്ക് ഇയു രാജ്യങ്ങളിലേക്കു പറക്കാൻ പ്രത്യേക അനുമതി വേണ്ടിവരും. ഇതുൾപ്പെടെ ബ്രിട്ടന്റെ വ്യാപാര മേഖലയെ ബാധിക്കുന്ന ഒട്ടേറെ കുരുക്കുകളുള്ള ബ്രെക്സിറ്റിൽ നിന്ന് രണ്ടാമതൊരു ഹിതപരിശോധനയിലൂടെ ഒഴിവാകാനുള്ള അവസരം ബ്രിട്ടൻ വിനിയോഗിക്കണമെന്നാണ് യൂണിയന്റെ ആഗ്രഹം. ബ്രിട്ടന്റെ താൽപര്യം സംരക്ഷിക്കുന്നതിൽ മേ പരാജയപ്പെട്ടെന്നും അവർ സ്ഥാനമൊഴിഞ്ഞ് രണ്ടാമതൊരു ഹിതപരിശോധന നടത്തണമെന്നും പ്രതിപക്ഷ ലേബർ പാർട്ടി ആവശ്യപ്പെടുന്നു.