അമേരിക്കൻ പട അഫ്ഗാനും വിടുന്നു

യുഎസ് സൈനികർ (ഫയൽചിത്രം)

കാബൂൾ∙ മധ്യപൂർവ ദേശത്ത് അമേരിക്ക ഇനി പൊലീസ് പണിക്കില്ലെന്നു വ്യക്തമാക്കിയതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ ഇപ്പോഴുള്ള സൈനികരിൽ പകുതിയോളം പേരെ പിൻവലിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പിന്മാറ്റത്തിനുള്ള നടപടിക്രമങ്ങളെക്കുറിച്ചു പദ്ധതി തയാറാക്കാൻ സേനയ്ക്കു നിർദേശം നൽകി. യുഎസിന്റെ അപ്രതീക്ഷിത പിന്മാറ്റത്തിൽ ആശങ്കയില്ലെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ വക്താവ് പ്രതികരിച്ചു.

14,000 യുഎസ് സൈനികരാണ് ഇപ്പോഴുള്ളത്. ഇതി‍ൽ 7000 പേരെ തിരിച്ചുവിളിക്കാനാണു ട്രംപ് ആലോചിക്കുന്നത്. സിറിയയിൽ നിന്നു യുഎസ് സൈനികരെ പിൻവലിക്കുന്നെന്നു ട്രംപ് പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിലാണ് സേന അഫ്ഗാനും വിടുന്നെന്ന വാർത്ത വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. സിറിയൻ പിന്മാറ്റത്തോള്ള വിയോജിപ്പു മൂലം പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് രാജി വച്ചിരുന്നു. അഫ്ഗാനിൽ യുഎസ് സേന വിയർപ്പൊഴുക്കുന്നതിന്റെ അർഥമില്ലായ്മയെപ്പറ്റി വർഷങ്ങളായി പരാതി പറയുന്നയാളാണു ട്രംപ്.

അഫ്ഗാൻ പിന്മാറ്റം: ട്രംപിന് വേണ്ടത് വ്യക്തമായ പദ്ധതി
അഫ്ഗാനിസ്ഥാനിൽ നിന്നു പകുതി സൈനികരെ പിൻവലിക്കുന്നതിനെപ്പറ്റി വ്യക്തവും വിശദവുമായ പദ്ധതി എത്രയും പെട്ടെന്നു വേണമെന്നാണു ട്രംപ് സേനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി ഒടുവിലോ ഫെബ്രുവരി ആദ്യമോ നടക്കുന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയൻ സ്പീച്ചിൽ ഇക്കാര്യം പ്രഖ്യാപിക്കാൻ ട്രംപ് ആഗ്രഹിക്കുന്നു. ഇതിനിടെ, പ്രസിഡന്റിന്റെ ഈ നീക്കം അബദ്ധമാകുമെന്ന അഭിപ്രായമാണു പല സെനറ്റർമാർക്കും വിദേശനയ വിദഗ്ധർക്കുമുള്ളത്. നാറ്റോ സഹായസഖ്യത്തിന്റെ ഭാഗമായ യുഎസ് ഏകപക്ഷീയമായി സ്വന്തം സേനയെ പിൻവലിക്കുന്നത് താലിബാന് വീണ്ടംു ശക്തിപകർന്നു കാര്യങ്ങൾ സങ്കീർണമാക്കുമെന്നാണു വിമർശനം.

അഫ്ഗാനിൽ സംഭവിക്കുന്നത്
2001 സെപ്റ്റംബർ 11 ഭീകരാക്രമണങ്ങൾക്കു ശേഷമാണ് അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനിക സാന്നിധ്യത്തിനു തുടക്കമായത്. അൽ ഖായിദ നേതാവ് ഉസാമ ബിൻ ലാദൻ സൂത്രധാരനായിരുന്ന ഈ ഭീകരാക്രമണങ്ങൾക്കു തൊട്ടുപിന്നാലെ, യുഎസിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണമാണ് അഫ്ഗാനിൽ താലിബാൻ ഭരണം അവസാനിപ്പിച്ചത്. രാജ്യത്തെ വീണ്ടും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്ന താലിബാൻ ഭീകരരുമായി യുഎസ് സഹായത്തോടെ സർക്കാർ സേന പോരാട്ടം തുടങ്ങിയിട്ട് 17 വർഷം.

നാറ്റോ സഖ്യസേന 2014 ൽ അഫ്ഗാനിൽ നിന്നു പിന്മാറിയിരുന്നു. ഇപ്പോഴുള്ളത് തലിബാൻ ഭീകരരോടു പൊരുതാൻ അഫ്ഗാൻ സേനയ്ക്കു പരിശീലനം നൽകാനുള്ള കുറച്ചു സൈനികർ മാത്രം. യുഎസ് പ്രതിനിധി സൽമയ് ഖലിൽസാദ് അബുദാബിയിൽ താലിബാൻ നേതൃത്വവുമായി കഴിഞ്ഞ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാൻ ഭരണകൂടവുമായി സമാധാന ചർച്ചയ്ക്കു താലിബാനെ സമ്മതിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്.