ഈജിപ്തിൽ 40 ‘ഭീകരരെ’ വധിച്ചു

കയ്റോ ∙ വെള്ളിയാഴ്ച വിനോദസ‍ഞ്ചാരികളെ ലക്ഷ്യമിട്ട ബോംബ് സ്ഫോടനത്തെ തുടർന്ന് ഈജിപ്തിൽ ഇന്നലെ പൊലീസ് നടത്തിയ റെയ്ഡിൽ ഭീകരരെന്ന് ആരോപിച്ച് 40 പേരെ വധിച്ചു. ഈജിപ്തിലെ വിനോദസ‍ഞ്ചാര കേന്ദ്രങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ക്രിസ്ത്യൻ പള്ളികൾക്കും നേരെ വൻ‌ ആക്രമണം നടത്താനിരുന്ന ഭീകരരെയാണ് ഉന്മൂലനം ചെയ്തതെന്ന് അധികൃതർ അവകാശപ്പെട്ടു.

വെള്ളിയാഴ്ച വൈകിട്ടു സഞ്ചാരികൾ പിരമിഡുകൾ കണ്ടശേഷം ബസിൽ മടങ്ങുമ്പോഴായിരുന്നു സ്ഫോടനം. വിയറ്റ്നാംകാരായ 3 സഞ്ചാരികളും നാട്ടുകാരനായ ഗൈഡും കൊല്ലപ്പെട്ടു. വിയറ്റ്നാമിൽ നിന്നുള്ള 11 സഞ്ചാരികൾക്കും ബസ് ഡ്രൈവർക്കും പരുക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല. തുടർന്നു ശനിയാഴ്ച പുലർച്ചെ പിരമിഡുകൾ സ്ഥിതി ചെയ്യുന്ന ഗിസ മേഖലയിൽ നടത്തിയ റെയ്ഡിൽ 30 പേരെയും വടക്കൻ സിനായിയിൽ നടത്തിയ റെയ്ഡിൽ 10 പേരെയും വധിച്ചു. സിനായ് മേഖലയിൽ ഐഎസ് ബന്ധമുള്ള തീവ്രവാദ സംഘടനകൾ സജീവമാണ്.