ബംഗ്ലദേശ് തിരഞ്ഞെടുപ്പ്: അക്രമങ്ങളിൽ 17 മരണം

ധാക്കയിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

ധാക്ക ∙ ബംഗ്ലദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമ‍ങ്ങളിൽ 17 പേർ കൊല്ലപ്പെട്ടു. അനേകർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ 8 മുതൽ 4 മണി വരെ നടന്ന വോട്ടെടുപ്പിൽ ഭരണകക്ഷിയായ അവാമി ലീഗിന്റെ നേതൃത്വത്തിൽ ക്രമക്കേട് നടത്തിയെന്നാണു പ്രതിപക്ഷ കക്ഷികളുടെ ആരോപണം. പരാതികളെക്കുറിച്ച് അന്വേഷിച്ചു വാസ്തവമെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലദേശ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

പാർലമെന്റിലെ 300 ൽ 299 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. സ്ഥാനാർഥി മരിച്ചതിനെ തുടർന്നാണ് ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിയത്. നാലാം തവണയും പ്രധാനമന്ത്രിപദം ലക്ഷ്യമിടുന്ന അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീന, ഗോപാൽഗഞ്ജ് –3 മണ്ഡലത്തിൽനിന്നു വൻ വിജയം നേടിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ വൈകിട്ടു പ്രഖ്യാപിച്ചു. ഹസീനയ്ക്ക് 2,29,539 വോട്ട് ലഭിച്ചപ്പോൾ മുഖ്യ പ്രതിപക്ഷ കക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) സ്ഥാനാർഥി എസ്.എം.ജീലാനിക്ക് 123 വോട്ടാണ് കിട്ടിയത്. മറ്റു ഫലങ്ങൾ ഇന്നു രാവിലെയോടെ പുറത്തുവരും.

ബിഎൻപി നേതാവ് ഖാലിദ സിയ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. പത്തു വർഷം തടവുശിക്ഷ ലഭിച്ചതിനാൽ ഇവർക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല. ആരോഗ്യനില ആശങ്കാജനകമാണെന്നാണു റിപ്പോർട്ടുകൾ.

പല ബൂത്തുകളും അവാമി ലീഗ് പ്രവർത്തകർ പിടിച്ചെടുത്തതായും പ്രതിപക്ഷ കക്ഷികളെ പിന്തുണയ്ക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതായും പരാതി ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ സഖ്യമായ നാഷനൽ യൂണിറ്റി ഫ്രണ്ട് നേതാവ് കമാൽ ഹുസൈനും ഇതേ ആരോപണം ഉന്നയിച്ചു. വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് 40 സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിൽ നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ചു. തങ്ങളുടെ സ്ഥാനാർഥിക്ക് ധാക്കയിൽ വച്ച് കുത്തേറ്റതായി ബിഎൻപി ആരോപിച്ചു. അതേസമയം, വികസനത്തിന്റെ ഗതിവേഗം തുടരാനായി ജനം തങ്ങൾക്കു തന്നെ വോട്ടു ചെയ്യുമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു.