ഇന്ത്യയി‍ൽ ‘അകപ്പെട്ട്’ അരനൂറ്റാണ്ട്; ഇനി വീട്ടിൽ പോകണം

വാങ് ക്യൂയ് തന്റെ പഴയ ചിത്രവുമായി.

ബെയ്ജിങ് ∙ അരനൂറ്റാണ്ടു മുൻപ് ഇന്ത്യയിൽ ‘അകപ്പെട്ടു’പോയ തങ്ങളുടെ സൈനികനെ തിരികെയെത്തിക്കാൻ ചൈന. ഇന്ത്യ – ചൈന യുദ്ധം കഴിഞ്ഞ്, 1963ൽ അറിയാതെ ഇന്ത്യൻ അതിർത്തിയിൽ കടന്നതായിരുന്നു ചൈനീസ് പട്ടാളത്തിലെ സർവേയറായ വാങ് ക്യൂയ്. ചാരനാണെന്നു കരുതി ഇന്ത്യ കക്ഷിയെ പിടികൂടി ജയിലിലാക്കി. ആറു വർഷം കഴി‍ഞ്ഞു മോചിതനായെങ്കിലും വാങ് ക്യൂയ് ഇന്ത്യ വിട്ടു പോയില്ല. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ താമസമാക്കി. ഇന്ത്യക്കാരിയെ വിവാഹം കഴിച്ചു. മൂന്നു മക്കളുണ്ട്. പേരക്കുട്ടികളും. ഇപ്പോൾ 80 വയസ്സ്.

2013ൽ ചൈന ഇദ്ദേഹത്തിന് പാസ്പോർട്ട് അനുവദിച്ചിരുന്നു. ജീവിതച്ചെലവിന് അലവൻസും ചൈന കൊടുക്കുന്നുണ്ട്. ചൈനയിലെ തന്റെ ബന്ധുക്കളെ കാണണമെന്ന് വാൻ ക്യൂയ്ക്കു മോഹമുണ്ട്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കാണാനെത്തിയ ബിബിസി ലേഖകൻ വിഡിയോ കോളിലൂടെ ചൈനയിലുള്ള സഹോദരനുമായി വാൻ ക്യൂയെ ബന്ധപ്പെടുത്തി. സഹോദരനും തന്നെപ്പോലെ പ്രായമായെന്നായിരുന്നു പ്രതികരണം. അരനൂറ്റാണ്ടിനു ശേഷമാണ് സഹോദരങ്ങൾ വിഡിയോ വഴിയാണെങ്കിലും പരസ്പരം കണ്ടത്.

ബിബിസി റിപ്പോർട്ട് പുറത്തു വന്നതോടെയാണ് വാൻ ക്യൂയുടെ കഥ ചൈനയിൽ വാർത്തയായത്. അവിടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഈ അപ്പൂപ്പൻ ഇപ്പോൾ. ഇതോടെയാണ് ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്കു ജീവൻവച്ചത്.