ചന്ദ്രനിലെത്തി തിരികെ വരുന്ന പദ്ധതിയുമായി ചൈന; പദ്ധതി നവംബറിൽ

ബെയ്ജിങ് ∙ ചന്ദ്രനിലിറങ്ങി സാംപിൾ ശേഖരിച്ചു തിരികെ ഭൂമിയിലെത്തുന്ന പര്യവേക്ഷണ പദ്ധതി–ചാങ് 5 ഈ വർഷം നവംബറിൽ യാഥാർഥ്യമാകുമെന്നു ചൈന പ്രഖ്യാപിച്ചു. ഈ വർഷം 30 ചാന്ദ്രപര്യവേക്ഷണങ്ങളെന്ന റെക്കോർഡ് ലക്ഷ്യത്തിനൊരുങ്ങുന്ന ചൈനയുടെ സ്വപ്നപദ്ധതിയാണിത്.

ഹൈനാൻ പ്രവിശ്യയിലെ വെൻചാങ് സ്പേസ് ലോഞ്ച് സെന്ററിൽ നിന്നു ‘ലോങ് മാർച്ച്–5’ എന്ന റോക്കറ്റിലാണു പര്യവേക്ഷണ വാഹനം വിക്ഷേപിക്കുക. 8.2 ടൺ ആകെ ഭാരമുള്ള വാഹനത്തിന് ഓർബിറ്റർ, റിട്ടേണർ, അസെൻഡർ, ലാൻഡർ എന്നീ നാലു ഭാഗങ്ങളാണുള്ളത്.

സാംപിൾ ശേഖരിച്ചു ചന്ദ്രനിൽനിന്നു തിരികെ സുരക്ഷിതമായി ഭൂമിയിലെത്തുന്ന വിധത്തിലാണു പദ്ധതിയെന്നു പ്രമുഖ ചൈനീസ് ബഹിരാകാശ വിദഗ്ധൻ യെ പെയ്ജിയാൻ അറിയിച്ചു. ചന്ദ്രനിൽനിന്നു സാംപിളുമായി തിരിച്ചു ഭൂമിയിലെത്തുന്ന പദ്ധതി ചൈന നടപ്പാക്കുന്നതാദ്യമാണ്.

അതേസമയം, ചന്ദ്രന്റെ മറുവശം വരെ പോയി ബഹിരാകാശ സാംപിളുകൾ ശേഖരിക്കുന്ന ചാങ്–4 പദ്ധതി 2018ൽ യാഥാർഥ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളും പുരോഗമിക്കുകയാണ്. ചന്ദ്രനിലെ ഇരുണ്ട പ്രതലങ്ങൾ കൂടുതലായി അന്വേഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ചാങ് എന്നാണു ചൈനയുടെ ചാന്ദ്ര പര്യവേക്ഷണങ്ങൾ അറിയപ്പെടുന്നത്. ഉപഗ്രഹം ചന്ദ്രനെ വലംവച്ചു പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയവയായിരുന്നു ചാങ് ഒന്നും ചാങ് രണ്ടും. 2013ൽ വിക്ഷേപിച്ച ചാങ് മൂന്നിലൂടെയാണു ചൈന ആദ്യമായി ചന്ദ്രോപരിതലത്തിലെത്തിയത്. ദൗത്യത്തിന്റെ ഭാഗമായ റോബട്ടിക് ചാന്ദ്രവാഹനം ചന്ദ്രനിലൂടെ കറങ്ങിനടന്നു.

ചന്ദ്രന്റെ ഉപരിതലത്തിൽ ഇൽമനൈറ്റ് സാന്നിധ്യം ആദ്യമായി കണ്ടുപിടിച്ചതു ചൈനയുടെ ചാങ്–മൂന്ന് ആയിരുന്നു. അതോടെ ആ ദൗത്യം വൻവിജയമായി പ്രഖ്യാപിക്കപ്പെട്ടു. ചൊവ്വാ പര്യവേക്ഷണത്തിന്റെ മുൻപദ്ധതികൾ വിജയിച്ചില്ലെങ്കിലും ആദ്യ ചൊവ്വാദൗത്യത്തിനു 2020ൽ തുടക്കമിടാനും ഒരുങ്ങുകയാണു ചൈന.