സൗദി രാജാവിന് മലേഷ്യയുടെ ഡോക്ടറേറ്റ്

ക്വാലലംപുർ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിനെ മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സർവകലാശാല ക്യാംപസിൽ ഇന്നലെ നടന്ന ചടങ്ങിൽ സർ‌വകലാശാല റെക്‌ടർ ഡോ. സാലിഹ ഖമറുദ്ദീൻ ആധ്യക്ഷ്യം വഹിച്ചു. കേരളത്തിൽനിന്നു മലപ്പുറം മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി പങ്കെടുത്തു. മികച്ച സാമ്പത്തിക, നയതന്ത്ര ബന്ധങ്ങൾ ലക്ഷ്യമിട്ടു സൗദി രാജാവും ഉന്നതതല സംഘവും വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയാണിപ്പോൾ. ആയിരത്തഞ്ഞൂറ് പേരടങ്ങുന്ന വൻ സംഘമാണ് രാജാവിനെ അനുഗമിക്കുന്നത്.

ഉപകിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, എണ്ണ മന്ത്രി ഖാലിദ് അൽ ഫലീഹ്, സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അരാംകോയിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും സംഘത്തിലുണ്ട്. മലേഷ്യക്കു ശേഷം ചൈന, ജപ്പാൻ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളും സന്ദർശിക്കും.