യുഎസിൽ ഇന്ത്യൻ വംശജന്റെ കട കത്തിക്കാൻ ശ്രമം

വാഷിങ്ടൻ ∙ യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിൽ ഇന്ത്യൻ വംശജന്റെ കട കത്തിക്കാൻ ശ്രമിച്ച അമേരിക്കൻ പൗരൻ പിടിയിലായി. വെള്ളിയാഴ്ച കട തുറക്കുന്നതിനു മുൻപേ കടയുടെ മുൻപിലേക്കു മാലിന്യവീപ്പ വലിച്ചുകൊണ്ടുവന്നിട്ടശേഷം അതിനു തീകൊളുത്തുകയായിരുന്നു. ഉടൻ അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചതിനാൽ കെട്ടിടത്തിലേക്കു തീപടർന്നില്ല.

അറബ് വംശജന്റെ കടയാണെന്നു തെറ്റിദ്ധരിച്ചാണു റിച്ചാർഡ് ലോയിഡ് (65) തീയിടാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. മുസ്‌ലിംകൾക്കെതിരായ വംശീയാതിക്രമങ്ങൾ അമേരിക്കയിൽ 2015ൽ 65% വർധിച്ചതായി എഫ്‌ബിഐ കണക്കുകൾ വ്യക്തമാക്കുന്നു.

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യാത്രാവിലക്കിനുശേഷം കുടിയേറ്റക്കാർക്കെതിരെ അതിക്രമങ്ങൾ വ്യാപകമായിട്ടുണ്ട്.