ട്രംപിനെ ജയിപ്പിക്കാൻ പുടിൻ ഉത്തരവിട്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസി

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ വിജയസാധ്യത കൂട്ടാനുള്ള ശ്രമങ്ങൾക്കു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടിരുന്നതായി യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ രഹസ്യ റിപ്പോർട്ടിൽ വിലയിരുത്തൽ.

യുഎസ് ജനാധിപത്യപ്രക്രിയയോടുള്ള പൊതുവിശ്വാസത്തിന്റെ അടിത്തറ തോണ്ടുക, യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ ഹിലറി ക്ലിന്റനെ കരിവാരിത്തേക്കുക, അവരുടെ വിജയം പ്രയാസകരമാക്കിത്തീർക്കുക, അഥവാ വിജയിച്ചാൽ ഭരണത്തിനു തുരങ്കംവയ്ക്കുക എന്നിവയായിരുന്നു റഷ്യയുടെ ലക്ഷ്യമെന്നു രഹസ്യവിവരങ്ങൾ ഒഴിവാക്കി പ്രസിദ്ധീകരിച്ച ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ സർക്കാരും പുടിനും നിയുക്ത പ്രസിഡന്റ് ട്രംപിനോടു വ്യക്തമായ പക്ഷപാതം കാണിച്ചിരുന്നുവെന്നാണു റിപ്പോർട്ടിലെ വിലയിരുത്തൽ.

എഫ്ബിഐയ്ക്കും സിഐഎക്കും വിലയിരുത്തലുകളിൽ ഉയർന്ന വിശ്വാസമുണ്ട്. ദേശീയ സുരക്ഷാ ഏജൻസിയും ഇതു ശരിവയ്ക്കുന്നുണ്ട്. എന്നാൽ എങ്ങനെയാണു റഷ്യയുടെ ഇടപെടലുകളുണ്ടായതെന്ന വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല. യുഎസ് തിരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന ആരോപണം റഷ്യ നേരത്തേ നിഷേധിച്ചിരുന്നു. യുഎസ് ഇന്റലിജ‍ൻസ് വിലയിരുത്തലിനോടു റഷ്യ പ്രതികരിച്ചിട്ടില്ല.