ബീഫ് സ്റ്റീക്ക് ആൻഡ് റെഡ് വൈൻ സോസ്

ഒരൽപം ബീഫ്...റെഡ് വൈൻ സോസ് കൂട്ടി ഒരു പിടി പിടിച്ചാലോ? ബീഫ് സ്റ്റീക്സ് സാധാരണ ഗ്രിൽഡ്, ഫ്രൈ, ബ്രൊയിൽഡ് പാചകവിധികളിലൂടെയാണ് തീൻ മേശയിൽ എത്തുന്നത്. പ്രോട്ടീനിന്റെ കലവറയാണ് ബീഫ്. മസിൽ മീറ്റുകൊണ്ടുള്ള വിഭവം പരിചയപ്പെടാം.

ബീഫ് ടെണ്ടർലോയ്ൻ – 1

റെഡ് വൈൻ – 500 മില്ലി

കാരറ്റ്– 1 കപ്പ്

വൈറ്റ് ഒനിയൻ – 1 കപ്പ്

പഞ്ചസാര – 1 ടേബിൾ സ്പൂൺ

ബീഫ് സ്റ്റോക്ക് – 100 മില്ലി

ധാന്യപ്പൊടി

ബട്ടർ

കുരുമുളകുപൊടി

ഉപ്പ് – 1 ടേബിൾ സ്പൂൺ

വെളുത്തുള്ളി – 1

എണ്ണ

പാചകവിധി

‌∙ ദീർഘ ചതുരാകൃതിയിൽ മുറിച്ചെടുത്ത ബീഫ് ടെണ്ടർലോയ്ൻ, ഒരു പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് അഞ്ചു മണിക്കൂർ ഫ്രീസറിൽ വയ്ക്കണം.

∙ പാൻ ചൂടാക്കി കാരറ്റ്, സെലറി, വൈറ്റ് ഒനിയൻ എന്നിവ അരിഞ്ഞത് ഇടാം. ഒരു ടേബിൾസ്പൂൺ പഞ്ചസാര ഇതിലേക്ക് ചേർക്കാം. റെഡ് വൈനും ബീഫ് സ്റ്റോക്കും ഒഴിച്ചുകൊടുക്കാം. ധാന്യപ്പൊടിയും വെണ്ണയും ഉപ്പും കുരുമുളകും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം വാങ്ങാം. ഇതിൽനിന്നു സോസ് അരിച്ചെടുക്കണം.

∙ തണുപ്പിക്കാൻ വച്ചിരിക്കുന്ന ഇറച്ചിയെടുത്ത് മൂന്ന് ചെറിയ കഷണങ്ങളാക്കി മുറിക്കാം. ഈ കഷണങ്ങളിലേക്ക് ഒരു ടേബിൾസ്പൂൺ ഉപ്പ്, കുരുമുളക് പൊടി, വെളുത്തുള്ളി ചതച്ചത്, എണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് ബീഫ് കഷണം നന്നായി വറുത്തെടുക്കണം. റെഡ് വൈൻ സോസ് കൂട്ടി ബീഫ് സ്റ്റീക്ക്.. അരേ വാഹ് പറഞ്ഞുപോകുന്ന ടേസ്റ്റ്..., പരീക്ഷിച്ചു നോക്കാൻ വൈകണ്ട...