ആഘോഷത്തിന്റെ അവസാനവാക്കാണ് ഗോവ. നാനൂറ്റിയൻപതു വർഷത്തോളം പോർച്ചുഗീസുകാർ ഭരിച്ചിരുന്ന നാടിന്റെ രുചിക്കൂട്ടിലും പോർച്ചുഗീസ് സാന്നിധ്യം ഏറെയാണ്. ഇവിടുത്തെ മൽസ്യവിഭവങ്ങൾ ഏറെ പ്രസിദ്ധമാണ്. മുളകും കുരുമുളകും വിനാഗിരിയും തേങ്ങാപ്പാലും തക്കാളിയും ചേർക്കാത്ത വിഭവങ്ങൾ ഇവിടെ ചുരുക്കം! നല്ല മസാലക്കൂട്ടിൽ വേവിച്ചെടുത്തൊരു ആവോലിക്കറി പരിചയപ്പെടാം. ആവോലി മുഴുനീളത്തിൽ വരഞ്ഞത് തക്കാളിക്കൂട്ടിലിട്ടാണ് പരുവപ്പെടുത്തുന്നത്.
ചേരുവകൾ
ആവോലി മത്സ്യം – 6
തേങ്ങാചുരണ്ടിയത് – 1 കപ്പ്
കോക്കനട്ട് വിനഗർ – 2 ടേബിൾ സ്പൂൺ
സവോള അരിഞ്ഞത് – 2 കപ്പ്
പച്ചമുളക് – 2
തക്കാളി – 1 കപ്പ്
മുളകുപൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – 1 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
മല്ലി പൊടിക്കാത്തത് – 1 ടേബിൾ സ്പൂൺ
ജീരകം – 1 ടേബിൾസ്പൂൺ
വറ്റൽമുളക് – 4 എണ്ണം
ഇഞ്ചി – 1 ടേബിൾസ്പൂൺ
വെളുത്തുള്ളി – 8 അല്ലി
പുളി അരച്ചത് – 1 കപ്പ്
പാചകവിധി
∙ പാൻ ചൂടാക്കി എണ്ണയൊഴിച്ച് സവോള വഴറ്റിയെടുക്കുക. നിറം മാറിത്തുടങ്ങുമ്പോൾ പച്ചമുളക് അരിഞ്ഞതും തക്കാളി ചെറുതാക്കിയതും ചേർത്ത് വഴറ്റാം. മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചു വയ്ക്കാം.
∙ അരപ്പ് തയാറാക്കാൻ പാൻ ചൂടാക്കി മല്ലി, ജീരകം, വറ്റൽമുളക് ഇവയിട്ട് ചെറുതായി ചൂടാക്കാം. ഈ കൂട്ട് തണുത്തുകഴിഞ്ഞ് ഒരു മിക്സി ജാറിലേക്കു മാറ്റാം. വെളുത്തുള്ളി, ഇഞ്ചി, തേങ്ങാചുരണ്ടിയത്, പുളിഅരച്ചത് എന്നിവ ഇതിലേക്കു ചേർത്ത് അരച്ചെടുക്കാം. ആവശ്യത്തിനു വെള്ളം ചേർത്ത് അരപ്പ് പാകത്തിനാക്കാം.
∙ തയാറാക്കിവച്ചിരിക്കുന്ന തക്കാളിക്കൂട്ടിലേക്ക് അരപ്പ് ഒഴിക്കാം, ചാറിന് ആവശ്യമായ വെള്ളവും ഒഴിച്ച് നന്നായി യോജിപ്പിച്ച് കൊടുക്കുക. ചൂടായി വരുമ്പോൾ ആവോലി മുഴുനീളത്തിൽ വരഞ്ഞത് ഓരോന്നായി കറിക്കൂട്ടിലേക്ക് ചേർത്ത് വേവിച്ചെടുക്കാം. പാകത്തിന് കോക്കനട്ട് വിനഗറും ചേർത്ത് തീ ഓഫ് ചെയ്യാം.