Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിൻസ് ചെയ്ത ബീഫ് മസാലചേർത്ത് കുട മുളകിൽ നിറച്ചത്!

പല നിറത്തിലും രുചിയിലും ലഭ്യമാണ് കാപ്സിക്കം. പച്ചക്കറികളുടെ കൂട്ടത്തിൽ ഇരുന്നാൽ ആരുമൊന്ന് നോക്കിപ്പോകും. ഭക്ഷ്യയോഗ്യമായ പഴവിഭാഗത്തിൽ പെട്ടതാണെങ്കിലും പാചകപ്രേമികളുടെ കണ്ണിലുണ്ണിയാണീ തടിയൻ മുളക്. പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്... ആകെക്കൂടിയൊരു വർണ്ണമേളമാണ്. ഭംഗിയിൽ മാത്രമല്ല ഗുണത്തിലും മുൻപിലാണ് കാപ്സിക്കം. ഹൃദയാരോഗ്യം സംരക്ഷിക്കാനും ആർത്തവവിരാമത്തെ തുടർന്നുള്ള അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കുന്ന വൈറ്റമിനുകൾ ധാരാളം കാപ്സിക്കത്തിലുണ്ട്. ഹോർമോണുമായി ബന്ധപ്പെട്ട കാൻസറിനെ പ്രതിരോധിക്കാനും കാപ്സിക്കത്തിനു കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. കാപ്സിക്കത്തിൽ മസാല തയാറാക്കി നിറച്ചു നോക്കിയാലോ?

ചേരുവകൾ

കാപ്സിക്കം – 6 എണ്ണം

എണ്ണ – ആവശ്യത്തിന്

മിൻസ്ഡ് ബീഫ് – 200 ഗ്രാം

വൈറ്റ് ഒനിയൻ അരിഞ്ഞത് – 1 കപ്പ്

വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ

ടാക്കോ സീസണിങ് – 2 ടേബിൾ സ്പൂൺ

ജീരകം പൊടിച്ചത് – 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

കുരുമുളക് പൊടി – ആവശ്യത്തിന്

വേവിച്ച വൈറ്റ് റൈസ് – 1 കപ്പ്

അമേരിക്കൻ കോൺ – 1 കപ്പ്

കിഡ്ണി ബീൻസ് വേവിച്ചത് – 1 കപ്പ്

തക്കാളി ചെറുതായി മുറിച്ചത് – 1 കപ്പ്

ചില്ലി ഫ്ലെയ്ക്ക് – 1 ടീസ്പൂൺ

ഫ്രഷ് ടൊമാറ്റോ പ്യൂരേ – 1 കപ്പ്

മൊസറല്ല ചീസ് – ആവശ്യത്തിന്

ചെഡാർ ചീസ്– ആവശ്യത്തിന്

പാചകവിധി

കാപ്സിക്കത്തിന്റെ മുകൾഭാഗം മുറിച്ച് അകം വൃത്തിയാക്കുക. അവ്നിൽ വയ്ക്കാനുള്ള പാത്രത്തിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് ഷീറ്റ് കൊണ്ട് കവർചെയ്ത് 180 ഡിഗ്രിയിൽ പത്തു മിനിറ്റ് ബേക്ക് ചെയ്തെടുക്കണം.

∙ ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ച് ചൂടാകുമ്പോൾ മിൻസ് ചെയ്ത ബീഫ് ഇട്ട് നന്നായി വഴറ്റുക. ഇതിലേക്ക് വൈറ്റ് ഒനിയൻ ചെറുതായി അരിഞ്ഞതും വെളുത്തുള്ളിയും ചേർത്ത് അൽപസമയം വഴറ്റുക. നന്നായി വഴന്നു തുടങ്ങുമ്പോൾ പൊടികൾ ചേർക്കാം.

∙ ടാക്കോ സീസണിങ്, ജീരകം പൊടിച്ചത്, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.

∙ ഇനി ഇതിലേക്ക് വേവിച്ച വൈറ്റ് റൈസ്, അമേരിക്കൻ കോൺ, കിഡ്ണി ബീൻസ് വേവിച്ചത് തക്കാളി, ചില്ലി ഫ്ലെയ്ക്ക് ഇവ ചേർത്തിളക്കണം.

∙ ഈ ഫില്ലിങ് വൃത്തിയാക്കി വച്ചിരിക്കുന്ന കാപ്സിക്കത്തിനുള്ളിൽ നിറയ്ക്കാം.

∙ അവ്നിൽ വയ്ക്കാനുള്ള പാത്രത്തിലേക്ക് ഫ്രഷ് ടൊമാറ്റോ പ്യൂരേ ഒഴിച്ച്, അതിനു മീതേ കാപ്സിക്കം നിറച്ചത് വയ്ക്കാം. ഓരോ കാപ്സിക്കത്തിനും മുകളിലേക്ക് അൽപം മൊസറല്ല ചീസും പാൽക്കട്ടിയും വിതറാം. 200 ഡിഗ്രി സെൽഷ്യസിൽ അവ്നിൽ വച്ച് 15 മിനിറ്റ് ബേക്ക് ചെയ്യാം. സ്റ്റഫ്‍ഡ് ബെൽ പെപ്പർ റെഡി.