രുചികരമായൊരു സ്റ്റഫ്ഡ് ചിക്കന്‍ ബ്രസ്റ്റ്

ചീസും സ്വീറ്റ് കോണും സ്പിനാച്ചും ചിക്കൻ ബ്രസ്റ്റിനകത്ത് നിറച്ച് ബേക്ക് ചെയ്തെടുത്തു നോക്കൂ, ചിക്കൻ പ്രേമികൾക്ക് സ്വാദിഷ്ടമായൊരു രുചിക്കൂട്ടാണിത്.  പൊട്ടാസ്യം, പ്രോട്ടീൻ, ഫാറ്റ് പോഷകങ്ങൾ നിറഞ്ഞ സ്റ്റഫ്ഡ് ചിക്കൻ ബ്രസ്റ്റ് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.

ചേരുവകൾ

ചിക്കന്‍ ബ്രസ്റ്റ് – 3
സ്പിനാച്ച് അരിഞ്ഞത് – 1 പിടി
സ്വീറ്റ് കോൺ – 100 ഗ്രാം
ഗ്രീന്‍ ചീസ് – 1 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ആവശ്യത്തിന്
മൊസറല്ല ചീസ്, ചെഡാര്‍ ചീസ് – ആവശ്യത്തിന്

പാചകരീതി

ചിക്കന്‍ ബ്രസ്റ്റ് ബട്ടര്‍ഫ്ളൈ ആകൃതിയില്‍ മുറിച്ച് ഹാമര്‍ ഉപയോഗിച്ച് ചതച്ചെടുക്കുക. ഒരു ടീസ്പൂണ്‍ ഗ്രീന്‍ ചീസ് അതില്‍ പുരട്ടുക. പാനില്‍ എണ്ണ ചൂടാക്കിയ ശേഷം ഒരു ടേബിള്‍ സ്പൂണ്‍ അരിഞ്ഞ വെളുത്തുള്ളി ഒരുപിടി ചീര അരിഞ്ഞത്, ഒരു കപ്പ് സ്വീറ്റ് കോണ്‍, ഒരു ടീസ്പൂണ്‍ ഉപ്പ്, ആവശ്യത്തിന് കുരുമുളക് പൊടി എന്നിവയിട്ട് വഴറ്റുക. ഈ മിശ്രിതം തയാറാക്കി വച്ചിരിക്കുന്ന ചിക്കനില്‍ നിറയ്ക്കുക. അതിലേക്ക് മൊസറല്ല ചീസും ചെഡാര്‍ ചീസും വിതറി റോള്‍ രൂപത്തിലാക്കുക. ഇത് എണ്ണയില്‍ പൊരിച്ചെടുക്കുക. അതിന് ശേഷം ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ പതിനഞ്ച് മിനിറ്റ് ബെയ്ക്ക് ചെയ്യുക. ചൂടോടെ കഴിയ്ക്കാം.