നന്നായി പഴുത്ത ഏത്തപ്പഴം കൊണ്ടൊരു പലഹാരം

നന്നായി പഴുത്ത ഏത്തപ്പഴം കൊണ്ട് തയാറാക്കുന്ന പഴം  ഉണ്ട എല്ലാവർക്കും ഇഷ്ടപ്പെടും. നാലുമണി പലഹാരത്തിന് കുട്ടികൾക്ക് തയാറാക്കി കൊടുക്കാം.

പഴം ഉണ്ടയ്ക്കുവേണ്ട ചേരുവകൾ 

നന്നായി പഴുത്ത ഏത്തപ്പഴം ഒന്ന്, അരി വറുത്തത് നാല് ടേബിൾ സ്പൂൺ, തേങ്ങ ചിരകിയത് നാല് ടേബിൾ സ്പൂൺ, ഏലയ്ക്ക രുചിക്കനുസരിച്ച് , അണ്ടിപ്പരിപ്പ്  ആവശ്യത്തിന്, ശർക്കര മധുരത്തിനനുസരിച്ച് , നെയ്യ് ഒരു ടേബിൾ സ്പൂൺ, മുട്ട ഒന്ന്, റൊട്ടിപ്പൊടി, എണ്ണ വറുക്കാൻ ആവശ്യത്തിന്.

പാചകം ചെയ്യുന്ന വിധം

കട്ടിയുള്ള പാനിൽ അരി നന്നായി മൊരിച്ച് വറുത്തെടുത്ത ശേഷം ഏലയ്ക്കയും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കുക. ഒരു പാത്രത്തിൽ പുഴുങ്ങി ഉടച്ചെടുത്ത ഏത്തപ്പഴവും ചിരകിയ തേങ്ങയും ചേർത്ത് യോജിപ്പിച്ച ശേഷം അണ്ടിപ്പരിപ്പും മൂന്നു ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർത്ത് യോജിപ്പിക്കുക. ശേഷം നെയ്യും ശർക്കര ചുരണ്ടിയതും ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കിയെടുക്കണം. മുട്ട പൊട്ടിച്ച് അടിച്ചു പതപ്പിച്ച ശേഷം ഉരുളകൾ മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ ഉരുട്ടിയെടുത്ത് ചൂടാക്കിയ എണ്ണയിൽ തീ കുറച്ചു വച്ച് ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്തു കോരാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പഴം ഉണ്ടയ്ക്കു പച്ചരി ഒഴിച്ച് ഏതു തരം അരിയും ഉപയോഗിക്കാം. മുട്ട ഇഷ്ടമല്ലാത്തവർക്കുമൈദയിൽ വെള്ളം ചേർത്തു മിശ്രിതമാക്കി ഉപയോഗിക്കാം.