Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചായയ്ക്കൊപ്പം മസാലബോണ്ടയും ഉള്ളിച്ചമ്മന്തിയും

രേഖാ രഘുനാഥ്
masala-bonda

വൈകുന്നേരങ്ങളിലെ ചായയ്ക്കൊപ്പം അൽപം എരിവും മസാലയും വേണമെമെന്നാഗ്രഹിക്കുന്നവർക്കു എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ചെറുകടിയാണ് മസാല ബോണ്ട. ഉരുളക്കിഴങ്ങ് ഇഷ്ടമില്ലാത്ത കുട്ടികൾ വളരെ കുറവാണ്. അതുകൊണ്ടു തന്നെ ഉരുളക്കിഴങ്ങ് പ്രധാനചേരുവയായ  ഈ വിഭവം കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടും. മസാലക്കൂട്ട് തയ്യാറാക്കുമ്പോൾ അല്പം ഇഞ്ചി കൂടി ചേർത്താൽ ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാവുന്നതാണ്. ഉരുളക്കിഴങ്ങും സവാളയും ചേർത്ത ഈ പലഹാരത്തിനൊപ്പം ഒരൽപം തക്കാളി ചേർത്ത ഉള്ളിച്ചമ്മന്തി കൂടിയുണ്ടെങ്കിൽ വൈകുന്നേരത്തെ ചായകുടി ഉഷാറാകും. 

1. മസാല തയ്യാറാക്കുന്നതിന് ആവശ്യമുള്ള ചേരുവകൾ 

ഉരുളക്കിഴങ്ങ് - 3 എണ്ണം (ഇടത്തരം വലുപ്പമുള്ളത് )
സവാള - 2 എണ്ണം (ഇടത്തരം വലുപ്പമുള്ളത്)
ഇഞ്ചി - ഒരു ചെറിയ കഷ്ണം
കറിവേപ്പില - ഒരു തണ്ട്
പച്ചമുളക്- 3,4 എണ്ണം
ഉപ്പ് - പാകത്തിന്
മഞ്ഞൾപൊടി - ആവശ്യത്തിന്
ഗരം മസാലപ്പൊടി - അര ടീസ്പൂൺ
പെരുംജീരകം - കാൽ ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ 

2. മുക്കിപ്പൊരിക്കാൻ 

കടലമാവ് - ഒരു കപ്പ്
അരിപ്പൊടി - 2 ടേബിൾ സ്പൂൺ
മുളകുപൊടി - അര ടീസ്പൂൺ
മഞ്ഞൾപ്പൊടി - ഒരുനുള്ള്
കായപ്പൊടി - ഒരു നുള്ള്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുത്തുകോരൻ പാകത്തിന്
വെള്ളം - അര കപ്പ് 

തയാറാക്കുന്ന വിധം 

ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിക്കുക. സവാള, ഇഞ്ചി, കറിവേപ്പില  എന്നിവ എണ്ണയൊഴിച്ച് വഴറ്റുക. ഈ ചേരുവകൾ നന്നായി വഴറ്റിയെടുത്തത്തിലേക്ക്, മഞ്ഞൾപൊടി, ഗരം മസാലപ്പൊടി, പെരുംജീരകം ചതച്ചത് എന്നിവ കൂടി ചേർത്തതിന് ശേഷം പുഴുങ്ങി പൊടിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേർത്ത്  നന്നായി  യോജിപ്പിച്ച് തണുക്കാനായി മാറ്റിവെയ്ക്കുക. ശേഷം രണ്ടാമത്തെ കൂട്ട് ഇഡ്‌ലിമാവിന്റെ പരുവത്തിൽ തയാറാക്കിയെടുക്കുക. തണുക്കാനായി മാറ്റിവെച്ചിരിക്കുന്ന മസാല ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തതിന് ശേഷം ഈ മാവിൽ മുക്കി, ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ എണ്ണയിലിട്ട് വറുത്തുകോരാം. കോരിച്ചൊരിയുന്ന മഴകണ്ടുകൊണ്ട്, ചൂടുചായ ഊതി കുടിക്കുമ്പോൾ, ഉള്ളിച്ചമ്മന്തിയിൽ മുക്കിയ മസാലബോണ്ടയ്ക്ക് രുചിയേറും.