കപ്പ ബിരിയാണി ഫ്രം അങ്കമാലി

‘‘അങ്ങനെ ഞാനും സീനയും കുഞ്ചുവിന്റെ തട്ടുകടയിലെ അക്കാലത്തെ ഹിറ്റ് കോമ്പിനേഷനായ കപ്പയും മുട്ടയും ആയി മാറുകയായിരുന്നു. ഈ കോംബോ എവർ ഗ്രീൻ ഹിറ്റ് ആകും എന്ന് കുഞ്ചുവിനെപ്പോലെ തന്നെ ഞങ്ങളും അടിയുറച്ച് വിശ്വസിച്ചു.’’ അങ്കമാലി ഡയറീസെന്ന സിനിമയിലെ രുചിക്കൂട്ടങ്ങ് ഹിറ്റാകാൻ പിന്നെ എന്തു വേണം. നമ്മുടെയൊക്കെ നെഞ്ചിൽ ഒരു കിരുകിരുപ്പ് പടച്ചുവിട്ട് അങ്കമാലിക്കാര് മിന്നിത്തിളങ്ങുകയായിരുന്നു. ഇതിനു പിന്നിൽ അങ്കമാലിയുടെ നാടൻ ഭക്ഷണങ്ങൾ തീർത്ത ആകർഷണീയത കൂടിയുണ്ട്. അങ്കമാലി, മൂക്കന്നൂർ, മഞ്ഞപ്ര, അയ്യമ്പുഴ, കാലടി പ്ലാന്റേഷൻ തുടങ്ങി അങ്ങനെ പരന്നുകിടക്കുന്ന രുചി സാമ്രാജ്യം. കപ്പയും മുട്ടയും മുതൽ പോർക്കിറച്ചിവരെ നാവിൽ വെടിക്കെട്ടുതീർക്കുന്ന വിഭവങ്ങൾ. 

സാധാരണ കപ്പബിരിയാണി എന്നു വിളിക്കുന്ന കക്ഷിയാണ് അങ്കമാലിക്കാർ പല പേരിൽ വിളിക്കുന്നത്. കപ്പയും അതിന്റെ കൂടെ ചേർക്കുന്ന ചേരുവയുടെ പേരും ചേർത്ത് ഒരു പേരുവിളി. കപ്പയും പോട്ടിയും, കപ്പയും പോർക്കും, കപ്പയും ബീഫും കപ്പയും മുട്ടയും എന്നിങ്ങനെ നീണ്ടു നീണ്ടങ്ങു പോവുകയാണ്. ബീഫ്, പോർക്ക് എന്നിവ ഫ്രൈ ചെയ്തു വച്ചതിന്റെ കൂടെ കപ്പയും ഗ്രേവിയും മസാലകളും ഒക്കെ ഇട്ട് മിക്സിങ് ആണ്. ഇതിനൊക്കെ തൊട്ടുകൂട്ടാൻ അങ്കമാലിക്കാരുടെ സ്വന്തം സലാഡുമുണ്ട്. സവാള, ഇഞ്ചി, തക്കാളി, കാരറ്റ്, ബീറ്റ്റൂട്ട്, മല്ലിയില, പുതിനയില എന്നിവ ചെറുതായി നുറുക്കി ആവശ്യത്തിന് ഉപ്പും വിനാഗിരിയും ചേർത്ത് ഒരു പിടിപിടിച്ചാൽ നല്ല കിടിലൻ സലാഡായി.

രുചിക്കുറിപ്പ്

കപ്പ കഴുകി വെള്ളം വാർന്ന ശേഷം കലത്തിലോ കുക്കറിലോ ഇട്ടു വേവിച്ചെടുക്കണം. ബീഫ്, പന്നി എന്നിവയാണെങ്കിൽ അതും മറ്റൊരു പാത്രത്തിൽ വേവിക്കണം. മുട്ടയാണെങ്കിൽ പിന്നീട് ചേർത്താൽ മതി. ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഒരു സ്പൂൺ എണ്ണയിൽ വഴറ്റണം. സംഗതി അത്യാവശ്യം ചുവന്നു വരുമ്പോ രണ്ടര തണ്ട് കറിവേപ്പിലയും മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവയും ആവശ്യത്തിനു ചേർത്ത് ഇളക്കിയെടുക്കണം. മസാല വഴന്നു വരുമ്പോൾ വെന്ത ഇറച്ചി ചേർത്തിളക്കുക. ഇത് അൽപനേരം അടുപ്പത്തിരുന്നു അഞ്ചു മിനിറ്റു വേവണം. ഇതിലേക്കു വേവിച്ചു വച്ച കപ്പയും ചേർത്തു നന്നായി ചകചകചകേന്ന് ഇളക്കണം. മുട്ടയാണ് ചേർക്കുന്നതെങ്കിൽ വേവിച്ചു വച്ച കപ്പ ആദ്യം ചേർത്ത് ഇളക്കണം. ഇതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കണം. എന്നിട്ട് ചകചകചകേന്ന് ഇളക്കാം. സംഭവം വെന്തു കുഴഞ്ഞ് ഒരു ലെവലാവുന്നതു വരെ കാക്കുക. എന്നിട്ട് ചൂടോടെ ഒരു പിടി പിടിക്കുക.