Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതി ഒഴിച്ചു നിറച്ചുവച്ച പാഷൻ ഫ്രൂട്ട് !

passion-fruit-rasagula

പറഞ്ഞറിയിക്കാനാവാത്ത അഭിനിവേശം. പേരിൽ ഒരു കൊതി ഒഴിച്ചുനിറച്ചുവച്ച പാഷൻ ഫ്രൂട്ട്. വേനൽക്കാലമെത്തിയാൽ അടുക്കളപ്പടി കടന്ന് മേശപ്പുറത്തെ ഗ്ലാസിൽ സ്ഥാനം പിടിക്കുന്ന കക്ഷി. അൽപം പുളിയും വശീകരിക്കുന്ന സുഗന്ധവും കണ്ണുതട്ടാതിരിക്കാൻ കറുത്ത കുരുക്കളുമായി പാഷൻഫ്രൂട്ടങ്ങനെ തെളിഞ്ഞു ചിരിച്ചു നിൽക്കുന്നു. യെസ് യുവറോണർ... തെക്കേ അമേരിക്കക്കാരിയാണ് നമ്മുടെ കക്ഷി. പക്ഷേ ഇന്ത്യയും ന്യൂസീലൻഡും കരീബിയൻ ദ്വീപുകളും ബ്രസീലുമടക്കം ഭൂമിക്കു ചുറ്റും വള്ളിപ്പടർപ്പു പടർത്തി പാഷൻഫ്രൂട്ടിന്റെ രുചി സാമ്രാജ്യം പടർന്നു കിടക്കുകയാണ്. 

തെക്കേ അമേരിക്കയിൽനിന്ന് ഫ്രാൻസിലേക്കും മധ്യപൂർവേഷ്യയിലേക്കുമൊക്കെ നൂറ്റാണ്ടുകൾക്കു മുൻപേ പടർന്നു കയറി. പക്ഷേ ഇന്ത്യയുടെ പടിവാതിൽ കടന്നത് ഏറെ വൈകി, കഴിഞ്ഞ നൂറ്റാണ്ടിലാണെന്നു മാത്രം. അതും കക്ഷിയെ യൂറോപ്യൻമാർ കൊണ്ടുവന്നതുമല്ല. നേരെ ശ്രീലങ്കയിൽപ്പോയി അതുവഴി ഇന്ത്യയിലേക്കു ടിക്കറ്റെടുത്തതാണ് പാഷൻഫ്രൂട്ട്. നീലഗിരിയിൽ പാഷൻഫ്രൂട്ട് പഴുത്ത് പാകമായി കിടക്കുന്നതു കണ്ടിട്ടില്ലേ? നമ്മുടെ അങ്കമാലിയിലും കാസർകോ‍ടുമൊക്കെ പ്ലാന്റേഷൻ കോർപറേഷൻ പാഷൻഫ്രൂട്ട് വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. കുടിച്ചു രസിക്കാൻ മാത്രമല്ല, ആരോഗ്യം സംരക്ഷിക്കാനും പാഷൻഫ്രൂട്ട് മിടുക്കിയാണ്. പാഷൻഫ്രൂട്ടിലെ ഫ്ലേവനോയിഡുകൾ മനഃസംഘർഷത്തെ ലഘൂകരിക്കുന്നവയാണ്. ഇക്കാരണത്താൽ നിരവധി രാജ്യങ്ങളിൽ ശാന്തിദായകമെന്ന രീതിയിൽ പാഷൻഫ്രൂട്ടിന്റെ പാനീയങ്ങൾ പ്രചാരത്തിലുണ്ട്. രാത്രി ഉറക്കം ലഭിക്കാൻ പാഷൻഫ്രൂട്ടിന്റെ സത്ത് കുടിക്കുന്നത് നല്ലതാണെന്നു നൂറ്റാണ്ടുകൾക്കു മുൻപു തന്നെ വെള്ളക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. വായ്പ്പുണ്ണിന്‌ ഇത് നല്ല ഔഷധമാണ്. വില്ലൻ ചുമയ്ക്കും പഴത്തിന്റെ നീരു നല്ലതാണത്രേ. ചൂടല്ല, തീയാണ് പെയ്യുന്നത് എന്ന് വെയിലത്തേക്കു നോക്കി നെടുവീർപ്പിട്ടിരിക്കുന്ന കാലമല്ലേ.  ഉള്ളൊന്നു തണുക്കാൻ ഇത്തിരി പാഷൻഫ്രൂട്ട് വിഭവങ്ങൾ തയാറാക്കാം. 

പാഷൻ ഫ്രൂട്ട് മാംഗോ പഞ്ച് 

രണ്ട് പാഷൻ ഫ്രൂട്ടിന്റെ കാമ്പ് എടുക്കുക. ഇത് ഒരു സ്പൂൺ കൊണ്ട് നന്നായി ഉടയ്ക്കുക. വെളുത്ത തൊലി ഉള്ളത് നീക്കം ചെയ്യണം. കുരു മാത്രം നീരോട് കൂടി എടുത്തുവയ്ക്കുക. നന്നായി പഴുത്ത ഒരു മാങ്ങ ചെത്തി മിക്സിയിൽ ഇട്ട് അരക്കപ്പ് പഞ്ചസാരയും ഒരുഗ്ലാസ് വെള്ളവും ചേർത്ത് അടിച്ച് എടുക്കണം. ഇത് എടുത്തുവച്ചിരിക്കുന്ന പാഷൻ ഫ്രൂട്ട് ജ്യുസിലേക്ക് ചേർത്ത് ഇളക്കുക. ഇതിലേക്ക് 200 എംഎൽ സോഡാ ചേർക്കുക. ഗ്ലാസുകളിൽ ഒഴിച്ച് മുകളിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് വിളമ്പുക. 

പാഷൻ ഫ്രൂട്ട് പുഡ്ഡിങ് 

60 ഗ്രാം വെണ്ണയും മുക്കാൽ കപ്പ് പഞ്ചസാരയും ഒരു പാത്രത്തിലെടുത്ത് നന്നായി അടിച്ചതിന് ശേഷം ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക. രണ്ടാമത്തെ മുട്ടയുടെ മഞ്ഞയും ഇതിലേക്ക് ചേർത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. ഒരു ചെറുനാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്തത്, രണ്ടു സ്പൂൺ നാരങ്ങാ ജ്യൂസ്, അരക്കപ്പ് പാഷൻ ഫ്രൂട്ട് പൾപ്പ്, ഒരു കപ്പ് പാൽ, കാൽക്കപ്പ് മൈദ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. 180 ഡിഗ്രി സെൽഷ്യസിൽ ഓവൻ ചൂടാക്കി വെയ്ക്കണം. ഒരു പാത്രത്തിൽ വെണ്ണ പുരട്ടി മിശ്രിതം അതിലേക്ക് പകർന്നതിന് ശേഷം ഓവനിൽ 45 മിനിറ്റ് വേവിക്കുക. വെന്തതിനു ശേഷം പുറത്തെടുത്ത് ഐസിങ് വച്ച് അലങ്കരിച്ചതിനു ശേഷം വിളമ്പാം.