Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുങ്‌പാവോ ചിക്കൻ തനി കേരളാസ്റ്റൈലിൽ

Kung Pavo Chicken

ചൈനീസ് വിഭവത്തിൽ മലയാളിത്തം അസാധ്യമെന്നു കരുതുന്നവരുടെ കണ്ണുതള്ളിക്കാൻ കുങ്‌പാവോ ചിക്കൻ. ഫ്രീസറിൽ വയ്‌ക്കാത്ത കോഴിക്കഷണങ്ങൾ ചൈനീസ് രീതിയിലാണു പാകപ്പെടുത്തുന്നതെങ്കിലും കുങ് പാവോ ആയിക്കഴിയുമ്പോൾ അതിനൊരു കേരളീയത്തനിമ തോന്നിക്കും. ചിക്കന്റെ രുചി സോസുകളിൽ മൂടിപ്പോകുന്നില്ല. എല്ലുനീക്കിയ കോഴിയിറച്ചി ഉടഞ്ഞുപോകാതെ വെന്ത് മൂന്നുതരം ക്യാപ്‌സിക്കത്തിന്റെ കൂട്ടിൽ സമൃദ്ധമായൊരു വിഭവമായി മാറിയിട്ടുണ്ടാവും. അതാണു കുങ്‌പാവോ. 

രാജ്യാന്തര സ്‌റ്റേഡിയത്തിനു സമീപം കലൂർപാലാരിവട്ടം മെയിൻ റോഡിലെ ചൈനാ മിർച്ച് ഭക്ഷണശാലയിൽ കൊൽക്കത്തക്കാരൻ ഷെഫ് ചന്ദ് തയാറാക്കുന്ന ചൈനീസ് വിഭവങ്ങളിൽ മിക്കതിനും വ്യത്യസ്‌തതയുണ്ട്. കുങ്‌പാവോ ചിക്കൻ അതിലൊന്നുമാത്രം. വേവിച്ചുവച്ച കോഴിക്കഷണങ്ങൾ പിന്നീടു സോസും മറ്റു ചേരുവകളും ചേർത്തു തയാറാക്കുന്ന രീതിയിൽനിന്നു വ്യത്യസ്‌തമാണു കുങ്‌പാവോ. ഇറച്ചി മറ്റു ചേരുവകൾക്കൊപ്പം കിടന്നു വേവുകയാണ്. ആദ്യം പച്ച, മഞ്ഞ, ചുവപ്പു നിറങ്ങളിലുള്ള ക്യാപ്‌സിക്കം അരിഞ്ഞെടുത്ത് വഴറ്റും. സവാള, വെളുത്തുള്ളി, നേർമയായി അരിഞ്ഞ പച്ചമുളക് എന്നിവയും കപ്പലണ്ടിയും ഇതിലേക്കു ചേർത്തു നന്നായി വഴറ്റിയെടുക്കും. പിന്നെ, ചിക്കൻ ചേർക്കും. 10 മിനിറ്റോളം വേവിക്കും. ഓയിസ്‌റ്റർ സോസ്, സോയ സോസ്, റെഡ് ചില്ലി സോസ്, അൽപം പഞ്ചസാര, ഉപ്പ്, വെള്ളക്കുരുമുളകുപൊടി എന്നിവ കൂടി ചേർത്താണു വേവിക്കുന്നത്. വേവിച്ചതു നന്നായി ഇളക്കിച്ചേർത്തശേഷം മുകളിൽ കുറച്ചു തേൻ ഒഴിക്കണം. കുങ്‌പാവോ റെഡി. കശുവണ്ടിയും വറ്റൽ മുളകും എണ്ണയിൽവറുത്ത് മുകളിൽ വിതറിയാലേ വിഭവം പൂർണമാകൂ. 

ചിക്കൻ തായ്‌പതാക്ക എന്ന വിഭവവും ഷെഫ് ചാന്ദ് വേറിട്ട രുചിയിൽ ഉണ്ടാക്കുന്നു. വെള്ളിഇഞ്ചി മിശ്രിതം ഉള്ളിയും പച്ചമുളകും ക്യാപ്‌സിക്കവും തുളസിയിലയും ചേർത്തു വഴറ്റിയശേഷം വിവിധ സോസുകളൊഴിച്ച് ഉപ്പും കുരുമുളും ചിക്കൻ സ്‌റ്റോക്കുമിട്ട് പാകമായി വരുമ്പോൾ കോഴിക്കഷണങ്ങളും ചേർക്കും. ചൈനീസ് മാവിൽ വറുത്തുവച്ചിരിക്കുന്ന കോഴിക്കഷണങ്ങളാണ് ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവിൽ പച്ച തുളസിയിലയിട്ടു കഴിക്കാം.