Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാത്തനാട്ടെ പുട്ട്, പരിപ്പ്, മുട്ട, പപ്പടം, ഹൽവ, ലഡ്ഡു വിരുന്ന്!!

Author Details
Puttu

കൊമ്പൻമീശ പിരിച്ചുവച്ച്, കണ്ണുരുട്ടി പേടിപ്പിക്കുന്ന കാരണവരെപ്പോലെ വീരൻപുഴ. ആദ്യ അനുഭവം പേടിപ്പിക്കുന്നതാവും. തുള്ളിത്തുള്ളി നിൽക്കുന്ന തിരകൾ. വഞ്ചിയും അതിലെ സഞ്ചാരികളുടെ മനസ്സും ഉലഞ്ഞുപോകും. എന്നാൽ അടുപ്പത്തിലായാൽ പഴങ്കഥകൾ പറയും വീരൻപുഴ എന്ന കാരണവർ. വീരൻപുഴയുടെ തീരത്തു രുചി തുള്ളിത്തുളുമ്പി നിൽക്കുന്നൊരു കടയുണ്ട്. പേരില്ലാത്ത ഹോട്ടൽ. പുട്ടുംപരിപ്പും കിട്ടുന്ന കട എന്നാണു വിളിപ്പേര്. നായരുടെ കട എന്നും പറയും. പറഞ്ഞാ‍ൽ മതിയോ, എന്തെഴുതും എന്നു ചോദിക്കരുത്. എഴുത്ത്, രുചിയുടെ ഭാഷയിൽ അടുക്കളയിലാണ്. തീൻമേശയിൽ പുട്ടും പരിപ്പും മുട്ടറോസ്റ്റും പപ്പടവും കുഴച്ചടിക്കുന്ന നേരത്തു പുട്ടിൽ വിരൽകൊണ്ട് എഴുതാം, ഇതു രുചിയുടെ വേറിട്ട അനുഭവമെന്ന്. 

puttu-parippu

നേരം ഇരുട്ടുന്നതോടെ മോഹനൻ പിള്ള കട തുറക്കും. അർധരാത്രിവരെ തുറന്നിരിക്കും. എട്ടരമുതൽ പത്തുപതിനൊന്നുവരെ തനിക്കു പച്ചവെള്ളംകുടിക്കാൻ നേരംകിട്ടില്ലെന്നു കടയുടമ. ഉടമയും പാചകക്കാരനും വിളമ്പുകാരനുമെല്ലാം ഇദ്ദേഹം തന്നെ. പാത്രം കഴുകലോടെ കർട്ടനിടും. ചിലപ്പോൾ 11 മണിക്കേ വിഭവങ്ങൾ തീരും, കട പൂട്ടും. ചെറിയ ഭക്ഷണശാലയാണ്. അകത്തു പത്തുപതിനഞ്ചു പേർക്ക് ഇരിക്കാം. പുറത്തും  ഇരിപ്പിടങ്ങളുണ്ട്. പുഴവെള്ളത്തിൽ കാലുനനച്ചും ഇരിക്കാം. തുള്ളിക്കളിക്കുന്ന വീരൻപുഴകണ്ട്, കാറ്റ് ആസ്വദിച്ച്, ചീനവലകളിലെ വെളിച്ചത്തിന്റെ തുണ്ടുകൾ ഉയരുന്നതും താഴുന്നതും നോക്കി, പുട്ടടിച്ച്, കട്ടനടിച്ച് അങ്ങനെ ഇരിക്കാം. 

വീരൻപുഴയോരത്തെ രുചിയുടെ കഥ അൻപതാണ്ടിലേക്ക് അടുക്കുകയാണ്. അടുത്ത വർഷം അർധ സെഞ്ചുറി. ചേട്ടൻ തുടങ്ങിയ കട മോഹനൻ പിള്ളയ്ക്കു കൈമാറുകയായിരുന്നു. ഈ കഥയിൽ നായകനു മാറ്റമില്ല. അരിപ്പുട്ടാണു നായകൻ. ഒപ്പമുള്ളതു പരിപ്പും മുട്ടക്കറിയും പപ്പടവും ഹൽവയും ലഡ്ഡുവും. പുട്ട് നൈസ്. പരിപ്പ് വെള്ളംവറ്റിച്ചു വരട്ടി വരട്ടി പുട്ടുപോലെയായിരിക്കുന്നു. പക്ഷേ, വറ്റൽ മുളകിന്റെ എരിവ് അതിൽ വെടിമരുന്നുപോലെയുണ്ടാകും. വെടിമരുന്നുപോലത്തെ പരിപ്പുവരട്ടിയതുംകൂട്ടി കഴിച്ചാൽ പുട്ടു തൊണ്ടയിൽനിന്ന് ഇറങ്ങണ്ടേ എന്നു സംശയിക്കുന്നവർക്കു മുട്ടക്കറി വാങ്ങാം. കൊച്ചിക്കാർ ‘താറാമ്മുട്ട’ എന്നു വിളിക്കുന്ന താറാവുമുട്ട റോസ്റ്റ്. നല്ല മുട്ടൻ താറാമ്മുട്ട. കുറുകനെ ഗ്രേവി. അത് അധികം കൊടുത്തു ശീലിപ്പിക്കുന്നില്ല മോഹനൻ പിള്ള. പുട്ടിനും പരിപ്പിനും താറാമ്മുട്ടക്കറിക്കും മീതെ അടപോലെ മടക്കിയ ആകാരഗംഭീരനായൊരു പപ്പടം വന്നുവീഴും. എല്ലാംകൂട്ടി തിരുമ്മിയൊരു പിടി പിടിക്കണം. 

പാചകത്തിന് ഇന്ധനമാകുന്നതു ചിരട്ടയാണ്. അതാവാം രുചിയുടെ രഹസ്യങ്ങളിലൊന്ന്. കഥ തീർന്നില്ല. നല്ല മാഞ്ഞാലി ഹൽവ ഒരു കഷണം ഇട്ടുതരും. പരിപ്പും മുട്ടക്കറിയും കടന്നുകയറാത്ത പുട്ടിന്റെ ഭൂപടത്തിലേക്കു ഹൽവ ചേർത്തു കുഴച്ചുപിടിപ്പിക്കണം. അലിഞ്ഞു ചേരുന്ന ഹൽവ, ശരിക്കും അലുവ. പാത്രത്തിൽ രുചിയുടെ രണ്ടു സാമ്രാജ്യങ്ങൾ. ഇനിയും വേണോ സർപ്രൈസ്? ഒരു ലഡ്ഡു പോരട്ടെ. അവനെയും പൊടിച്ചു ചേർക്കണം. ഏതു സഖ്യത്തിനും പുട്ട് റെഡി. നായരുടെ കടയിൽ ചിലരിരുന്ന് ഈ രസക്കൂട്ട്, പുട്ട്–പരിപ്പ്–മുട്ട–പപ്പടം–ഹൽവ–ലഡ്ഡു കുഴച്ചടിക്കുന്നതു കണ്ടാൽ ആരുടെയും വയറ്റിൽ ഒരാന്തലുണ്ടാകും. പിടിച്ചുനിൽക്കാൻ പറ്റില്ല സാറേ... 

തിരിച്ചുപോരുമ്പോൾ ശ്രദ്ധിക്കുക: നല്ല രുചിയാസ്വാദകരെങ്കിൽ അധികം സോപ്പിട്ട് കൈ കഴുകി വൃത്തികേടാക്കരുത്. മയത്തിൽ കഴുകണം. കൈപ്പടത്തിൽ നേരിയ എരിവും ഹൽവയുടെ മണവും ഒക്കെ പറ്റിപ്പിടിച്ചിരിക്കട്ടെ. ആരെയെങ്കിലും മണപ്പിച്ചു കൊതിപ്പിക്കാൻ അവസരം കിട്ടിയാലോ?

കടവഴി

ആ പോക്ക് ഒരു പോക്കായിരിക്കും. ഒരുപ്പോക്കല്ല. നായരുടെ കടയിലേക്കുള്ള വഴി കണ്ടുപിടിക്കുന്നതും അതിലൂടെ നടന്ന് എത്തുന്നതും നല്ലൊരു അനുഭവമാണ്. പറവൂർ പട്ടണത്തിൽനിന്ന് ഏതാണ്ട് 10 കിലോമീറ്റർ ചാത്തനാട് റോഡിലൂടെ കെടാമംഗലം, ഏഴിക്കര വഴി പോകണം. ചാത്തനാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി ചാപ്പൽ കഴിഞ്ഞാലുടൻ വലത്തേക്കു നേരിയ ടാർ റോഡ്. കാറിലാണു യാത്രയെങ്കിൽ വണ്ടി മെയിൻറോഡിലിട്ട്, നടക്കണം. വഴി തീരുന്നതു നായരുടെ കടയിലാണ്. കൊച്ചി നഗരത്തിൽനിന്നു ദേശീയപാതയിലൂടെ വരുന്നവർക്ക് ചെറിയപ്പിള്ളിയിൽനിന്ന് ഇടത്തേക്കു തിരിഞ്ഞു കൈതാരം, ഏഴിക്കര പാലം കടന്നും ചാത്തനാട്ട് എത്താം.