Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിമിംഗലത്തിനു മുൻപിൽ നത്തോലി ചെറിയമീനല്ല !

ഡോൺ സെബാസ്റ്റ്യൻ
Sea Fish

(ആരുടേയും കൊതിവികാരം വ്രണപ്പെടുത്താനുള്ള ശ്രമമല്ല ഈ പാതി വെന്ത വിവരണം. എങ്കിലും ഇതിൽ പച്ചയിറച്ചി, നാക്ക്, മൂക്ക്, പാൽ, പഞ്ചസാര ഇവയുടെ അംശം കണ്ടേക്കാം.) ചുവന്നുള്ളിയും വെളുത്തുള്ളിയും ഇഞ്ചി ചേർത്തിടിച്ച് വെള്ളത്തിലിട്ട് മുളകുപൊടിയും കൊടംപുളിയും കലക്കി തിളപ്പിച്ച് കണമ്പ് വേവിച്ച് വാങ്ങിവെച്ച് കറിവേപ്പില വിതറി വെളിച്ചെണ്ണ തളിക്കുമ്പോളുയരുന്ന മണം. മഹാപ്രളയങ്ങൾക്കിടയിൽ 95 വർഷം ജീവിച്ചിരുന്ന അമ്മച്ചി ബാക്കിയാക്കിയ ഓർമ്മകളിലൊന്നാണീ ആത്മീയവിരുന്ന്. 

മീനിനെ മീൻമണത്തോട് കൂടി സ്വീകരിക്കുന്ന കൈപ്പുണ്യം തലമുറകളിലേക്ക് പകർന്നില്ല. അമ്മ ഇപ്പോൾ ആ കറിയുണ്ടാക്കാൻ ധൈര്യപ്പെടാറില്ല. ഞാൻ ശ്രമിച്ചപ്പോഴൊക്കെ കൂട്ടുകാർ പുച്ഛിച്ചു, എറണാകുളത്തുകാരിൽ ചിലരൊഴിച്ച്. മുളകിൽ ചാലിച്ച ഷാപ്പ് കറി കേരളത്തിൻറെ 'ഒഥെൻറിക്' രുചിയായപ്പോൾ ഉച്ചയൂണ് കഴിഞ്ഞ് കൈ കഴുകാതെ സ്‌കൂളിൽ പോയി കടൽ മണത്തിരുന്ന കാലം ഓർമ്മയായി. (കൈ കടിക്കുന്ന കറി എന്നാണ് മുനമ്പത്തുള്ളവർ പറയുക.)

നല്ല എരിവ് എന്ന് ആനന്ദക്കണ്ണീരോടെ പറയുന്നവൻ മലയാളി. മത്സരത്തിന് സാധ്യത ആന്ധ്രയിലും തെലങ്കാനയിലും മാത്രം. പരൽമീനുകളെക്കാൾ പച്ചമുളകുകളുള്ള ബൊമ്മിദായലു പുളുസുവിന് വേണ്ടി മാത്രം ഞങ്ങൾ ബെംഗളൂരുവിലെ ഉറഞ്ഞുപോയ ട്രാഫിക്കിനിടയിലൂടെ ആന്ധ്ര മെസ്സുകൾ തേടിപ്പോയിരുന്നു. വിദേശികൾക്കായി തുറന്നുവെച്ചിരുന്ന ഗോവയിലെ കടലോരശാലകളിലാവട്ടെ ഉപ്പും കുരുമുളകും പേരിന് തൂവിയ ബെയ്ക്ക്ഡ് ബേബി ഷാർക്കിന് മുന്നിൽ പകച്ചിരിക്കുകയും ചെയ്‌തു. എല്ലായിടത്തും നത്തോലി ഫ്രൈ ഒരു പോലെ രക്ഷയ്‌ക്കെത്തി.

അറബിക്കടലിൽ നിന്ന് അറ്റ്ലാന്റിക്കിലെത്തിയാലും കറിക്കൂട്ട് കൂടെക്കൊണ്ടുപോയാലല്ലേ കടലനുഭവം പൂർണമാകൂ. പക്ഷെ വടക്കൻ അറ്റ്ലാന്റിക്കിലെയും നോർവീജിയൻ കടലിലെയും വമ്പൻ മീനുകൾ കൊടംപുളിക്ക് പിടി കൊടുക്കാതെ വഴുതിമാറി. സാമണും (Salmon എന്നെഴുതുന്ന മീൻ തന്നെ) കോഡും (ലിവർ ഓയിൽ എടുക്കുന്ന അതേ മീൻ) വരത്തന്മാരുടെ വിക്രിയകൾ കണ്ട് കണ്ണ് തള്ളി. അയിലയാകട്ടെ വേനലിലൊഴിച്ച് ദുർലഭവും.

മറുഭാഷ പഠിച്ചില്ലെങ്കിലും മറുനാട്ടിലെ പാചകശാസ്ത്രം പഠിച്ചേ തീരൂവെന്ന് നോർവേയിലെ മീൻ വിൽപ്പനക്കാരൻ ഇംഗ്ലീഷിൽ ഓർമ്മിപ്പിച്ചു. ഉപ്പും കുരുമുളകും തൂവി ഗോതമ്പുപൊടിയിൽ മുക്കിക്കുടഞ്ഞ് വെണ്ണയിൽ പൊരിക്കാൻ പറ്റിയ പരന്ന മീനൊന്നിനെ കാട്ടിത്തരികയും ചെയ്‌തു. സോൾ. മാന്തൾ മാതിരിയൊന്ന്.

നോർവേയിലെ മീഞ്ചന്ത 

ചെന്നടിഞ്ഞത് നോർവേയുടെ വടക്കേ തീരത്തെ ബർഗൻ എന്ന പട്ടണത്തിലാണ്. വൈക്കിങ്ങുകളെ വിരട്ടി  കോഡ് വ്യാപാരത്തിൻറെ കുത്തകയാളിയ ജർമ്മൻ വണിജ്യസംഘത്തിന്റെ പഴയ താവളം. ബഹുവർണക്കെട്ടിടങ്ങൾ തിങ്ങിയ പഴയ വാർഫിനടുത്ത് സമൃദ്ധമായ മീനങ്ങാടി. സഞ്ചാരിപ്പടയെത്തുന്ന  വേനലിൽ ഇവിടം പൂരപ്പറമ്പാകും. പാതയോരത്തെ പന്തലുകളിൽ തിമിംഗലവും സാമണും കക്കയും കല്ലുമ്മക്കായും ഞണ്ടും ലോബ്സ്റ്ററും നിരന്നിരിക്കും. അവയ്ക്ക് പുറകിൽ സ്‌പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നും മറ്റുമെത്തിയ പാചകക്കാരും. ചൂണ്ടിക്കാണിക്കുന്നതെന്തും പൊരിച്ചോ പൊള്ളിച്ചോ തരും.

fish02

തെരുവുകൾ മഞ്ഞിൽ മൂടുമ്പോളും എയർ കണ്ടീഷൻ ചെയ്‌ത് ചൂടാക്കിയ പ്രധാനഹാളിലെ മാർക്കറ്റ് തുറന്നിരിക്കും. വൈനോ ബിയറോ നുണഞ്ഞിരുന്ന് മീൻ തിന്നാം. വാങ്ങിക്കൊണ്ടു പോകാം. വെറുതെ കണ്ടുനടക്കുകയുമാകാം. ഐസിലുറങ്ങുന്നവരെല്ലാം തീരെ അപരിചിതരല്ല. നോർവീജിയൻ കറൻസി നോട്ടിലെ സാമൺ. ഗുന്തർ ഗ്രാസിൻറെ 'ഫ്ലൗണ്ടർ' എന്ന നോവലിലെ കവർബോയ് ടർബൊട് (ജർമ്മനിയിൽ സ്റ്റൈൻബുട്, നോർവേയിൽ പിഗ്‌വർ). ഇവനാണത്രെ കാലാകാലങ്ങളിൽ പെണ്ണിനെ വരുതിയിലാക്കാൻ ആണിന് ബുദ്ധിയോതിക്കൊടുത്തിരുന്നത്.

ആഗോള മത്സ്യവിപണി നോർവേയുടെ ചൂണ്ടക്കൊളുത്തിലാണ്. നൂറോളം രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. നോർവേയിൽ നിന്ന് കോഡ് എത്തിയിട്ടു വേണം ഇംഗ്ലീഷുകാർക്ക് 'ഫിഷ് ആൻഡ് ചിപ്‌സ്' കഴിക്കാൻ. ഉപ്പിട്ടുണക്കിയ കോഡ് ആണ് പോർച്ചുഗലിലും സ്പെയിനിലും പ്രശസ്‌തമായ 'ബക്കലാവോ'. ജപ്പാനിൽ സുഷിയുണ്ടാക്കാൻ പഥ്യം നോർവീജിയൻ സാമണിൻറെ നേർത്ത പാളികളാണ്. മുംബൈയിലും ബെംഗളൂരുവിലും കൂടിയ മീൻകടകളിൽ നോർവേയിൽ നിന്ന് സാമൺ എത്തുന്നു. മീൻ കയറ്റുമതിവരുമാനത്തിൽ നോർവേയ്ക്ക് മുന്നിൽ ചൈന മാത്രം.

fish04

കിട്ടുന്നതെന്തും നോർവേ പങ്കു വെയ്ക്കാറില്ല. തിമിംഗലത്തിനെ തിന്നണമെങ്കിൽ നോർവേയിൽ പോകണം. അല്ലെങ്കിൽ ഐസ്‌ലാൻഡിലോ ജപ്പാനിലോ. തിമിംഗലവേട്ട നിരോധിച്ച അന്താരാഷ്ട്ര ഉടമ്പടി നോർവേയും ഐസ്‌ലാൻഡും അംഗീകരിക്കുന്നില്ല. ജപ്പാനാകട്ടെ പഠനാവശ്യങ്ങൾക്കെന്ന മറവിൽ അൻ്റാർട്ടിക്കയുടെ തീരത്തേക്ക് വരെ ചാട്ടുളികൾ പായിക്കുന്നു. ഐസ്‌ലാൻഡിലെ വേട്ടക്കാർ മിങ്ക്, ഫിൻ എന്നീ രണ്ട് തരം തിമിംഗലങ്ങളെ തേടുമ്പോൾ നോർവേയുടെ തീരങ്ങളിൽ മിങ്കുകളൊഴിച്ച് ബാക്കിയെല്ലാം സുരക്ഷിതരാണ്. ഒരു ട്രക്കിനോളം മാത്രം വലിപ്പമുള്ള മിങ്കുകൾ മറ്റ് തിമിംഗലങ്ങളെപ്പോലെ വംശനാശഭീഷണി നേരിടുന്നില്ല.

തിമിംഗലത്തെ വിഴുങ്ങിയവരെയാരെയും പരിചയമുണ്ടായിരുന്നില്ല. ഡോൾഫിനെപ്പറ്റി മംഗലാപുരത്തെ സുഹൃത്ത് പറഞ്ഞതോർത്തു. ആർക്കോ വെച്ച വലയിൽക്കുടുങ്ങി ചത്ത ഡോൾഫിനെ വെട്ടി ചട്ടിയിലാക്കി അടുപ്പത്ത് വെച്ചതും നെയ്യുരുകുന്ന അസഹനീയനാറ്റം തുറയാകെ പടർന്നു. ബ്ലബർ എങ്ങനെ ഡോൾഫിനെ ശത്രുക്കളിൽ നിന്ന് കാക്കുന്നു എന്ന് പ്രദേശവാസികൾ മനസിലാക്കിയത് അങ്ങനെയാണത്രെ. എങ്കിൽ മെഴുകുതിരിയും സോപ്പും ഉണ്ടാക്കാനുപയോഗിച്ചിരുന്ന തിമിംഗലനെയ്യ് എങ്ങനെയിരിക്കും. ആറുമാസം സൂര്യനുദിക്കാത്ത ആർട്ടിക്കിലെ ജനതകൾക്ക് ഒഴിവാക്കാനാവാത്ത പോഷകമാണ് സമുദ്രസസ്തനികളുടെ നെയ്യ്. അറബിക്കടലോരത്ത് രുചി പിടിക്കില്ലെന്ന് മാത്രം.

fish05

ബർഗനിലെ മീൻ ചന്തയിലിരുന്നത് നെയ്മെഴുക്കില്ലാത്ത കടുംചുവപ്പിറച്ചിയായിരുന്നു. കുക്കിൻറെ നിർദ്ദേശാനുസരണം ചാറുള്ള കറി പറഞ്ഞു. തിമിംഗലം മീനല്ലെന്ന് രുചിച്ചറിഞ്ഞു. ഒന്നിനോടും ഉപമിക്കാനാവാത്ത ഇറച്ചി. എരിവിനെക്കാൾ മധുരമുള്ള തക്കാളി സോസിൽ മുങ്ങിയ ചെറുകഷണങ്ങൾ. കൂട്ടത്തിലെ മൂന്നു വയസുകാരി മാത്രം പറഞ്ഞു, "ആ ബീഫ് ഇനീം വേണം."

രണ്ടാം ദിനം ഞങ്ങൾ കരുതലോടെ നീങ്ങി. കുരുമുളക് പുരട്ടി ചുട്ടെടുത്ത ഇറച്ചി തന്നെ വാങ്ങി. തെരുവിനപ്പുറം മോബി ഡിക്കിൻറെ കാലം കണ്ടൊരു ഭക്ഷണശാലയിൽ നിന്ന് പിന്നീടൊരിക്കൽ പച്ചയിറച്ചിയും കഴിച്ചു. പത്തിരിവണ്ണത്തിൽ മുറിച്ച ഇറച്ചിക്കഷണങ്ങളുടെ മേൽ വെയ്റ്റർ ഉപചാരപൂർവം പുകചുവയുള്ള കൂൺ സൂപ്പൊഴിച്ചു. വേയ്‌ൽ കാർപ്പാച്ചിയോ! റിപീറ്റ്‌ ദി ഓർഡർ!

കപ്പലേറിപ്പോയ മീൻ 

നോർവേയിലെ മത്സ്യവിഭവരംഗത്തിൻറെ ബ്രാൻഡ് അംബാസഡർ സാമൺ ആണെങ്കിലും സാമ്പത്തികമായും സാംസ്‌കാരികമായും രാഷ്ട്രീയമായും അതിനേക്കാൾ പ്രാധാന്യമുള്ള മീനാണ് കോഡ്. രാഷ്ട്രങ്ങളുടെ പുരോഗതിക്കും സാമ്രാജ്യങ്ങളുടെ അവമതിക്കും കാരണമായി ഈ മീനുകൾ. 

fish01

കൊളംബസ് അറ്റ്ലാൻറ്റിക്കിന് കുറുകെ കപ്പലോടിച്ചതും വാസ്കോ ഡി ഗാമ ഇന്ത്യൻ സമുദ്രം താണ്ടിയതും ഉണക്കമീൻ കലവറയുടെ ബലത്തിലായിരുന്നു. അമേരിക്കയിലേക്ക് കുടിയേറിയ ഇംഗ്ലീഷുകാരുടെ പ്രധാന ഉപജീവനമാർഗമായിരുന്നു കോഡ് പിടിത്തം. നന്ദിസൂചകമായി ബോസ്റ്റണിലെ മസാച്യുസെറ്റ്സ് നിയമസഭാ ഹാളിന് മുകളിൽ 'വിശുദ്ധ കോഡ്' എന്ന തടിയിൽത്തീർത്ത മീൻരൂപം തൂക്കിയിരിക്കുന്നു.

കോഡ് വാരിക്കൊണ്ടുപോകാനുള്ള അവകാശത്തെച്ചൊല്ലി കലഹിച്ച് ഒരിക്കൽ ബ്രിട്ടൻ സ്വന്തമായി സൈന്യമില്ലാത്ത ഐസ്‌ലാൻഡിനോട് പരാജയപ്പെട്ടു. ഐസ്‌ലാൻഡ് തീരത്ത് മീൻവാരിയ ബ്രിട്ടീഷ് ട്രോളറുകളുടെ വലയരിഞ്ഞ കോസ്റ്റ് ഗാർഡ് ബോട്ടുകളോട് മുട്ടാനാവാതെ ലോകത്തെ ഏറ്റവും ശക്തമായ നാവികസേനയായ റോയൽ ബ്രിട്ടീഷ് നേവി തിരിച്ചുപോയി. വടക്കൻ  അറ്റ്ലാൻറ്റിക്കിലെ തന്ത്രപ്രധാന താവളമായിരുന്ന ഐസ്‌ലാൻഡിനെ പിണക്കാൻ അമേരിക്ക സമ്മതിച്ചില്ല. കോൾഡ് വാറിനിടയിൽ ഒരു കോഡ് വാർ.

സ്വർണ്ണനിറമുള്ള 'മീൻ ഗുളികകൾ' വിഴുങ്ങാൻ നിർബന്ധിച്ച അമ്മയോട് പട കൂടിയതോർമ്മയില്ലേ. വിശുദ്ധ കോഡ് സർവ്യവ്യാപിയാണ്. ആറ് മാസത്തോളം വെയിൽ കൊള്ളാനാവാത്ത വടക്കൻ യൂറോപ്യൻ രാജ്യങ്ങളിലും വടക്കേ അമേരിക്കയിലും അതിപ്രധാനമായ വിറ്റമിൻ ഡി സ്രോതസാണ് കോഡ് ലിവർ ഓയിൽ. വെയിലിനെപ്പേടിച്ച് പുറത്തിറങ്ങാത്ത നാടുകളിലും ഈ മീനെണ്ണ വിൽക്കപ്പെടുന്നു. 

നോർവേയിലെ മീൻ ചന്തകളിൽ കോഡിൻറെ ഇറച്ചിയും മുട്ടയും മുതൽ കരളും നാക്കും വരെ വിൽക്കാൻ വെച്ചിട്ടുണ്ട്. നാക്ക് ശരിക്ക് നാക്കല്ല. മീനിന്റെ താടിയെല്ലിനോട് ചേർന്ന പതുപതുത്ത മാംസമാണ്. മുക്കിപ്പൊരിക്കാം. കരൾ വറുത്താൽ എണ്ണ ഊറി വരും. ഉപ്പിട്ട വെള്ളത്തിൽ തിളപ്പിച്ചാൽ ഭംഗിയായി തിന്നാം. എന്നാൽ കോഡിൻറെ മാംസത്തിന്‌ അത്ര സ്വാദില്ല. എരിവും പുളിയും പിടിക്കില്ല എന്ന് മാത്രമല്ല വേവിക്കുന്തോറും കട്ടിയായി വരുകയും ചെയ്യും.

നോർവേക്കാർ പുരികം ചുളിക്കുന്നത് രണ്ടവസരങ്ങളിലാണ്. ഒന്ന്, പൈപ്പ് വെള്ളം കുടിക്കാവുന്നതാണോ എന്ന ചോദ്യം കേട്ടാൽ. 'ബെസ്റ്റ് ഇൻ ദി വേൾഡ്,' എന്നവർ പറയും. രണ്ട്, കോഡ് ഇഷ്‌ടപ്പെട്ടില്ല എന്ന് കേട്ടാൽ. എന്നാൽ ഇവിടെ മലയാളി തനിച്ചല്ല. ഉപ്പിട്ടുണക്കിയ കോഡ് (ബക്കലാവോ) ദേശീയവിഭവമായ പോർച്ചുഗലിൽ ഉണക്കാത്ത കോഡിന് പേരില്ല. പെടയ്ക്കണ മീനാണെങ്കിൽ ഉണക്കിത്തരാൻ പറയും.

തേങ്ങാപ്പാലൊഴിച്ച് മാമ്മോദീസ 

കോഡ് മാത്രമല്ല മിക്കവാറും എല്ലാ മീനുകളും ചട്ടി കാണേണ്ട താമസം വേകും. ശീലിച്ചതിന്റെ പാതി വേവിൽ സാമണും ട്രൗട്ടും ഹാലിബടും അത്താഴത്തിന് തയ്യാറാകും. ഉപ്പും പുളിയും പിടിക്കും മുമ്പ് മീൻ പാകമാകും. അധികം വെന്തുറഞ്ഞുപോയാൽ സാമണും ചൂരയും ഏതാണ്ടൊരുപോലെ തന്നെ. 

കൊടംപുളിക്ക് വഴങ്ങുന്നത് അയിലയും പിന്നെ ഹെറിങ്ങുമൊക്കെ യാണ്. അപൂർവമായി വേളൂരിവലിപ്പത്തിലുള്ള ഹെറിങ് ലഭിച്ചേക്കാം, ഗോതമ്പ് മാവിൽ മുഴുവനായും മുക്കിപ്പൊരിച്ചത്. ഹെറിങ് പല രൂപത്തിൽ വരുന്നു. അക്വാവിറ്റ് എന്ന സ്‌കാൻഡിനേവിയൻ ചാരായത്തിനൊപ്പം കടിച്ചു തിന്നുന്ന പുകച്ച മീനായും അസംഖ്യം തരം അച്ചാറുകളായാണ് സൂക്ഷിക്കുക. മിക്ക അച്ചാർ കൂട്ടുകളും അതിമധുരമായിരിക്കും. വിനാഗിരിയും പഞ്ചസാരയും കൂടുന്ന രുചി താങ്ങാൻ അലുവയും മീൻചാറും കൂട്ടിക്കഴിച്ചവർക്കേ പറ്റൂ.

ഇത്തരമൊരു രസക്കൂട്ടാണ് ബർഗനിലെ മീൻ സൂപ്പ്. പാൽപ്പാട ചേർത്ത മീൻ കേൾക്കാനത്ര പന്തിയല്ലെങ്കിലും രുചികരമാണ്. സീലിൻറെയും സീ ലയണിൻറെയും പ്രകടനം കാണാനാണ് കടൽത്തീരത്തെ അക്വേറിയത്തിലെത്തിയതെങ്കിലും അന്നത്തെ യഥാർത്ഥ വെളിപാട് സൂപ്പായിരുന്നു. കഴിക്കും മുമ്പേ മനസ് നിറയ്ക്കുന്ന കലാസൃഷ്ടിയായി അത് ആനയിക്കപ്പെട്ടു. വെളുത്ത കോഡ് കഷണങ്ങളെ മൂടിയ പാൽക്കടലിൽ അസ്തമയസൂര്യന്റെ പൊൻതുള്ളികൾ പോലെ മീൻമുട്ടകൾ തെന്നിക്കളിച്ചു. കവിയാറിന്റെ ഉപ്പുരസവും മീനിൻറെ സത്തും ക്രീമിൻറെ കൊഴുപ്പും അനായാസം ചേർന്നൊഴുകി. 

സ്‌കാൻഡിനേവിയയിൽ മറ്റിടങ്ങളിലും ബ്രിട്ടണിലും ഫ്രാൻസിലുമെല്ലാം ഈ ക്രീമി സൂപ്പിന്റെ വകഭേദങ്ങൾ കാണാം. കേക്കിലും വാഫിളിലും എന്ന പോലെ ഇറച്ചിയിലും മീനിലും ചേരുന്ന ക്രീം യൂറോപ്പിന്റെ സവിശേഷ രുചികളിലൊന്നാണ്. ഇന്ത്യയിൽ പാലുൽപ്പന്നങ്ങൾ മീനിൽ പരീക്ഷിക്കുന്നത് ബംഗാളിലേ കണ്ടിട്ടുള്ളൂ, അതും പുഴമീനിൽ മാത്രം. റോഹുവും കട്‌ലയും ചിലപ്പോൾ ഹിൽസ പോലും തൈരിൽ മുങ്ങി ദോയി മാച്ഛ് ആയി നിവരുന്നു. പാലുൽപ്പന്നങ്ങളും മീനും വിരുദ്ധമാണെന്ന സിദ്ധാന്തത്തെ മലയാളികൾ വിശ്വസിച്ചു പോരുന്നത് തേങ്ങാപ്പാലുണ്ടല്ലോ എന്ന് കണ്ടിട്ടായിരിക്കണം. 

സാമൺ വെണ്ണയിൽ പൊരിച്ച് നാരങ്ങയിറ്റിച്ച് കഴിക്കാനൊരുമ്പെട്ട ഒരു ഞായറാഴ്ച്ച എങ്ങു നിന്നോ ഒരു  കരിമീൻ തലയിൽക്കയറി. തേങ്ങാപ്പാലിലേക്ക് വറുത്തിട്ട കൈവെള്ളവലിപ്പത്തിലൊരു കരിമീൻ. അടുപ്പത്തെ  സാമണൊപ്പം അകത്ത് നൊസ്റ്റാൾജിയ മൊരിഞ്ഞു. റെസ്റ്റൊറൻ്റുകളിൽ  ക്രീമി സോസിനൊപ്പം വിളമ്പുന്ന സാമണെ ഫിഷ് മോളിയാക്കിയാലെന്ത്?. സാമണിന്റെ സമൃദ്ധമായ നെയ്യിറങ്ങിയ ചട്ടിയിലേക്ക് തന്നെ കടുക് പൊട്ടിച്ചു, ഉണക്കമുളക് ചാലിച്ചു, ഉള്ളിവെള്ളുള്ളികൾ അരിഞ്ഞിട്ടു, കറിവേപ്പില വറുത്തു, തക്കാളിയിട്ടു, പിന്നെ തേങ്ങാപ്പാലൊഴിച്ച് മാമ്മോദിസാ മുക്കി സാമണെ കൂട്ടത്തിൽക്കൂട്ടി. 'ഇതിനിയും വെക്കണേ' എന്ന പരമോന്നതബഹുമതിയും ലഭിച്ചു.

ഇനി ഇങ്ങനെ തന്നെയാകുമോ ഫിഷ് മോളിയുടെ ഉത്ഭവം. വാസ്കോ ഡി ഗാമയുടെ കുശിനിക്കാരൻ ലിസ്ബണിൽ നിന്ന് കൊണ്ട് വന്ന പാചകക്കുറിപ്പിലേക്ക് തേങ്ങാപ്പാൽ തെറിച്ചതാണോ. അതോ കേരളത്തിൻറെ സ്വന്തം മോളിയാൻറിയുടെ ഭാവനയിൽ വെന്തതോ. തുടക്കമെങ്ങനെയായാലും, കട്ടിപ്പാലായാലും തേങ്ങാപ്പാലായാലും, സാമണായാലും കരിമീനായാലും, വൻകരകളെ തഴുകുന്ന രുചിക്കടലാണത്.